Thanks for watching! Content unlocked for this session.

മഹാശിവരാത്രി: ദോഷങ്ങൾ ഒഴിവാക്കാൻ വീട്ടിൽ ചെയ്യരുതാത്ത കാര്യങ്ങൾ

കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിറയ്ക്കാനും മഹാദേവന്റെ അനുഗ്രഹം സിദ്ധിക്കാനുമായി വിശ്വാസികൾ മഹാശിവരാത്രി ഭക്തിപൂർവ്വം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഭഗവാന്റെ സാന്നിധ്യം വീടുകളിൽ നിറയുന്ന ഈ പുണ്യദിനത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് പരമ്പരാഗത വിശ്വാസങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ശിവകോപവും ദോഷങ്ങളും ഒഴിവാക്കാൻ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.

ശിവരാത്രി ദിനത്തിൽ കൂവളത്തില പറിക്കുമ്പോൾ മൂന്ന് ഇതളുകളും വേർപെടുത്താതെ ഒന്നിച്ച് വേണം ഉപയോഗിക്കാൻ. ഭഗവാന്റെ ത്രിനേത്രങ്ങളെ പ്രതിനിധീകരിക്കുന്ന കൂവളത്തിലകൾ പിരിക്കുന്നത് വലിയ ദോഷമായി കണക്കാക്കപ്പെടുന്നു. അന്നദാന പ്രഭുവായ ഭഗവാന്റെ സാന്നിധ്യമുള്ള ഈ ദിവസം ഒരു തരി ആഹാരം പോലും കളയാൻ ഇടവരുത്തരുത്. കൂടാതെ, ഭഗവാൻ പ്രവേശിക്കുന്ന ദിക്കായ വീടിന്റെ വടക്കുകിഴക്കേ മൂല (ഈശാനകോൺ) മാറാലയും അഴുക്കും നീക്കി പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

സഹായം ചോദിച്ചോ ഭിക്ഷ യാചിച്ചോ വീട്ടിലെത്തുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്. സന്ധ്യാസമയത്ത് വീട് ഇരുളടഞ്ഞു കിടക്കാതെ നിലവിളക്ക് തെളിയിക്കുകയും പ്രധാന വാതിൽ കുറച്ചു സമയമെങ്കിലും തുറന്നിടുകയും വേണം. കുട്ടികളെ ദേഷ്യപ്പെടുകയോ കരയിക്കുകയോ ചെയ്യാതെ അവരെ സന്തോഷത്തോടെ നിർത്തുന്നതും, മൺമറഞ്ഞുപോയ പിതൃക്കളെ കുറ്റപ്പെടുത്താതിരിക്കുന്നതും ഈ ദിവസത്തെ പ്രധാന നിഷ്ഠകളാണ്. മുടി മുറിക്കുക, നഖം വെട്ടുക, മാംസാഹാരം കഴിക്കുക എന്നിവ പൂർണ്ണമായും ഒഴിവാക്കി ഭക്തിയോടെ പ്രാർത്ഥിക്കുന്നത് ജീവിതത്തിൽ സകല ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം.