Thanks for watching! Content unlocked for this session.

ആർത്തവവിരാമ സമയത്തെ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ; പരിഹാരം ഭക്ഷണക്രമീകരണത്തിലൂടെ

40 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളിൽ ആർത്തവവിരാമത്തോട് (മെനോപോസ്) അനുബന്ധിച്ച് നിരവധി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന് കാരണമെന്നും, കൃത്യമായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ക്യുഎൻബി ഹെൽത്ത് കെയറിലെ ഹോമിയോപ്പതിക് ഫിസിഷ്യൻ ഡോ. ജൂഹി ദാസ് വ്യക്തമാക്കുന്നു.

അമിതമായ ചൂട് (ഹോട്ട് ഫ്ലഷസ്), വിട്ടുമാറാത്ത മൂത്രത്തിൽ പഴുപ്പ്, സന്ധിവേദന, മസിലുകൾ വലിഞ്ഞു മുറുകുന്നത്, മുടികൊഴിച്ചിൽ, നെഞ്ചിടിപ്പ് കൂടുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ഈ സമയത്ത് സാധാരണമാണ്. ഇതോടൊപ്പം പെട്ടെന്ന് ദേഷ്യം വരിക, വിഷാദം, സങ്കടം, വൈകാരികമായ തളർച്ച തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകളും സ്ത്രീകൾ നേരിടുന്നു. ഇത്തരം അവസ്ഥകളിൽ പെട്ടെന്ന് വിഷാദരോഗത്തിനുള്ള മരുന്നുകളെ ആശ്രയിക്കുന്നതിന് പകരം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയാണ് വേണ്ടതെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു.

ഭക്ഷണത്തിൽ നിന്ന് മധുരം, ഉപ്പ്, മൈദ പോലെയുള്ള റിഫൈൻഡ് ഉൽപ്പന്നങ്ങൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, എണ്ണ എന്നിവ പരമാവധി കുറയ്ക്കണം. പകരം പ്രോട്ടീൻ, ഹെൽത്തി ഫാറ്റ്സ്, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. ദിവസവും ഒന്നോ രണ്ടോ മുട്ട, പാൽ, തൈര്, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ എന്നിവ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും വിളർച്ചയും മുടികൊഴിച്ചിലും തടയാനും സഹായിക്കും. അയല, മത്തി, നെത്തോലി തുടങ്ങിയ ചെറിയ മീനുകൾ കറിവെച്ച് കഴിക്കുന്നതും നല്ലതാണ്.

രാവിലെ വെറുംവയറ്റിൽ വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നതും, ഉച്ചയ്ക്ക് വെള്ളച്ചോറിന് പകരം ബ്രൗൺ റൈസ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. വൈകുന്നേരങ്ങളിൽ ഗ്രീൻ ടീ, നട്സ്, റാഗി കൊണ്ടുള്ള പലഹാരങ്ങൾ എന്നിവ ലഘുഭക്ഷണമാക്കാം. അത്താഴം രാത്രി 7:30-ന് മുൻപായി കഴിച്ച് തീർക്കണം. കൂടാതെ ഓറഞ്ച്, നെല്ലിക്ക, ആപ്പിൾ, പേരയ്ക്ക തുടങ്ങിയ പഴവർഗ്ഗങ്ങൾ ഭക്ഷണത്തിന് മുൻപായി കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കുമെന്നും ഡോ. ജൂഹി ദാസ് വ്യക്തമാക്കുന്നു.