Thanks for watching! Content unlocked for this session.

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫ് നിയമനം: പിന്തുണച്ച് കെ മുരളീധരനും ഡിസിസിയും

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അദ്ദേഹത്തിന്റെ സഹോദരി ഭർത്താവ് ബെന്നി തോമസിനെ നിയമിച്ചതിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരനും കണ്ണൂർ ഡിസിസിയും രംഗത്തെത്തി. ബെന്നി തോമസിന് ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ടെന്നും വെറുമൊരു ബന്ധു എന്ന നിലയിലല്ല ഈ നിയമനമെന്നും നേതാക്കൾ വ്യക്തമാക്കി. നിയമനത്തിനെതിരെ എൽഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

പിണറായി വിജയന്റെ കാബിനറ്റിൽ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിനെ ചൂണ്ടിക്കാണിച്ചാണ് കെ. മുരളീധരൻ ഈ നിയമനത്തെ പ്രതിരോധിച്ചത്. അമ്മായിയപ്പന്റെ കാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് തങ്ങൾ കുറ്റപ്പെടുത്തിയിട്ടില്ലെന്നും, റിയാസിന് സംഘടനാ പാരമ്പര്യമുള്ളതുപോലെ ബെന്നി തോമസിനും മികച്ച പ്രവർത്തന പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഒരു മന്ത്രി സ്വന്തം മരുമകളെ കുക്കായി നിയമിച്ചതുപോലെയുള്ള തെറ്റായ നടപടിയല്ല ഇതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തന്റെ സഹോദരി ഭർത്താവായ ബെന്നി തോമസിനെ നിയമിച്ചതിൽ യാതൊരു നിയമതടസ്സവുമില്ലെന്ന് മന്ത്രി സണ്ണി ജോസഫും വ്യക്തമാക്കി. പത്ത് വർഷത്തോളം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റായും തന്റെ ചീഫ് ഏജന്റായും പ്രവർത്തിച്ച ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ തിരുകിക്കയറ്റുന്ന കാപട്യത്തിന് താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലമായി പാർട്ടിയുടെ താഴെത്തട്ടിൽ സജീവമായി പ്രവർത്തിക്കുന്ന ബെന്നി തോമസിനെ ഡിസിസിയുടെ നിർദ്ദേശപ്രകാരമാണ് സ്റ്റാഫിൽ ഉൾപ്പെടുത്തിയതെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും വ്യക്തമാക്കി.