ആൻഡമാൻ ദ്വീപിനോട് ചേർന്നുള്ള സമുദ്രതീരത്ത് വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യയുടെ സമുദ്രാന്തര പര്യവേക്ഷണ പദ്ധതിയായ ‘സമുദ്രമന്ദൻ ദൗത്യ’ത്തിന്റെ ഭാഗമായി ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പൂരിയാണ് ഈ നിർണായക കണ്ടെത്തൽ ഔദ്യോഗികമായി വ്യക്തമാക്കിയത്.
ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ‘ശ്രീവിജയപുരം ത്രീ’ എന്ന പര്യവേക്ഷണ കിണറിലാണ് വാതകശേഖരം കണ്ടെത്തിയത്. 355 മീറ്റർ ആഴമുള്ള സമുദ്രഭാഗത്ത്, സമുദ്രനിരപ്പിന് താഴെ 1900 മീറ്ററിലധികം ആഴത്തിൽ ഡ്രില്ലിംഗ് നടത്തിയപ്പോഴാണ് വാതക സാന്നിധ്യം സ്ഥിരീകരിച്ചത്. ആൻഡമാൻ ബേസിനിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് കുഴിച്ച മൂന്ന് കിണറുകളിൽ രണ്ടെണ്ണത്തിലും ഹൈഡ്രോകാർബൺ സാന്നിധ്യം കണ്ടെത്താനായത് രാജ്യത്തിന് വലിയ നേട്ടമാണ്.
രാജ്യത്തെ ആഴക്കടൽ എണ്ണവാതക നിക്ഷേപങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് സമുദ്രമന്ദൻ മിഷൻ. ഈ ഊർജ്ജ നേട്ടത്തോടൊപ്പം ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരുത്തുറ്റ മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ രാജ്യം 7.8 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയതോടെ ആകെ വാർഷിക വളർച്ച 7.7 ശതമാനമായി ഉയർന്നു.