വരാനിരിക്കുന്ന സെൻസസ് നടപടികളുടെ ഭാഗമായി വീടുകളിൽ വിവരശേഖരണത്തിന് എത്തുന്ന ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് ചോദിക്കാൻ അധികാരമുള്ള ചോദ്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. സെൻസസ് കമ്മീഷണർ ഒപ്പിട്ട് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം ആകെ 33 ഇനം വിവരങ്ങൾ മാത്രമേ ഉദ്യോഗസ്ഥർക്ക് ശേഖരിക്കാൻ അനുവാദമുള്ളൂ. ഇതിൽ കൂടുതൽ വിവരങ്ങൾ ചോദിക്കാനോ രേഖപ്പെടുത്താനോ അവർക്ക് നിയമപരമായി അധികാരമില്ല.
കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, തറ, ഭിത്തി, മേൽക്കൂര എന്നിവ നിർമ്മിക്കാൻ ഉപയോഗിച്ച മെറ്റീരിയലുകൾ, വീടിന്റെ ഉപയോഗം, നിലവിലെ അവസ്ഥ എന്നിവയാണ് പ്രധാനമായും ചോദിക്കുക. കൂടാതെ കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബനാഥന്റെ പേര്, ലിംഗഭേദം, കുടുംബനാഥൻ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടതാണോ എന്ന വിവരം, വീടിന്റെ ഉടമസ്ഥാവകാശം, താമസമുറികളുടെ എണ്ണം, വിവാഹിതരായ ദമ്പതികളുടെ എണ്ണം എന്നിവയും ഈ ചോദ്യാവലിയിൽ ഉൾപ്പെടുന്നു.
കുടിവെള്ള സ്രോതസ്സ്, വെളിച്ചത്തിന്റെ മാർഗ്ഗം, കക്കൂസ് സൗകര്യം, അഴുക്കുചാൽ സംവിധാനം, കുളിക്കാനുള്ള സൗകര്യം, അടുക്കളയുടെയും എൽ.പി.ജി കണക്ഷന്റെയും വിവരങ്ങൾ, പാചക ഇന്ധനം എന്നിവയും ഉദ്യോഗസ്ഥർ ചോദിച്ചറിയും. ഇതിനൊപ്പം റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യം, ലാപ്ടോപ്പ്/കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സൈക്കിൾ/സ്കൂട്ടർ, കാർ എന്നിവയുടെ വിവരങ്ങളും കുടുംബത്തിൽ ഉപയോഗിക്കുന്ന പ്രധാന ധാന്യമേതാണെന്ന വിവരവും സെൻസസ് ആവശ്യങ്ങൾക്കായുള്ള മൊബൈൽ നമ്പറും ശേഖരിക്കും.
സെൻസസ് ഓഫീസർമാർ പ്രത്യേക മൊബൈൽ ആപ്പ് വഴിയാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്. വിവരങ്ങൾ സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ ആപ്പ് ലോക്കാകുമെന്നതിനാൽ പിന്നീട് ഇത് തുറക്കാനോ ദുരുപയോഗം ചെയ്യാനോ കഴിയില്ല. ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും ഡാറ്റാ ചോർച്ച ഉണ്ടായാൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമപ്രകാരം കർശനമായ നടപടികളും നഷ്ടപരിഹാരവും ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.