മലയാളികളുടെ പ്രിയതാരം ദിലീപും സംവിധായകനും സുഹൃത്തുമായ നാദിർഷയും ചേർന്ന് യുകെയിൽ വൻപൻ സ്റ്റേജ് ഷോയ്ക്ക് ഒരുങ്ങുന്നു. ‘നാദിർഷ ആൻഡ് ദിലീപ് ഷോ അറ്റ് യുകെ’ എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ സ്റ്റേജ് ഷോ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 27 വരെയാണ് നടക്കുന്നത്. ദീർഘനാളുകൾക്ക് ശേഷമാണ് ദിലീപും നാദിർഷയും ഒന്നിക്കുന്ന ഒരു സ്റ്റേജ് ഷോ വിദേശത്ത് അരങ്ങേറുന്നത് എന്നതിനാൽ യുകെയിലെ മലയാളി പ്രേക്ഷകർ വലിയ ആവേശത്തിലാണ്.
ഈ മെഗാ ഷോയിൽ ദിലീപിനും നാദിർഷയ്ക്കുമൊപ്പം രഞ്ജിനി, സമദ് സുലൈമാൻ, ദയാന ഹമീദ്, അശ്വന്ത് അനിൽകുമാർ, വിജേഷ് ചെല്ലാരി, സമ്പത്ത്, റോക്സൺ, ജിൻസോ, സുനിൽ മുണ്ടക്കയം, ജോജോ മാത്യു തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. നിയമപരമായ തടസ്സങ്ങളെല്ലാം നീങ്ങിയതോടെയാണ് ദിലീപിനും കാവ്യ മാധവനും വിദേശത്തേക്ക് യാത്ര ചെയ്യാൻ വഴിതെളിഞ്ഞത്. മകളുടെ അടുത്തേക്ക് പോകണമെന്ന ആഗ്രഹവും ദിലീപിനുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ വാർത്ത വലിയ ചർച്ചയായിക്കഴിഞ്ഞു. ദിലീപിനും കാവ്യയ്ക്കുമൊപ്പം മക്കളായ മീനാക്ഷിയും മാമാട്ടിയും (മഹാലക്ഷ്മി) ഈ യാത്രയിൽ പങ്കുചേരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ദിലീപും നാദിർഷയും ഒരുമിച്ച് വേദിയിലെത്തുന്നത് കാണാൻ പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് മലയാളികൾ.