Thanks for watching! Content unlocked for this session.

കർണാടകയിൽ ആൺകുട്ടികൾക്കും ഇനി സൗജന്യ ബസ് യാത്ര; മലയാളി വിദ്യാർത്ഥികൾക്കും നേട്ടം

കർണാടകയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളായ ആൺകുട്ടികൾക്കും ഇനി കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ തങ്ങളുടെ സൗജന്യ ബസ് പാസ് പദ്ധതി ആൺകുട്ടികളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെയാണ് ഈ ആനുകൂല്യം ലഭ്യമായി തുടങ്ങിയത്. നേരത്തെ ‘ശക്തി’ പദ്ധതി വഴി സംസ്ഥാനത്ത് സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും മാത്രമായിരുന്നു സൗജന്യയാത്ര അനുവദിച്ചിരുന്നത്.

ബംഗ്ലൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ തീരുമാനം. മുൻപ് കർണാടകയിലെ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉള്ളവർക്ക് മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയിരുന്നതിനാൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ പദ്ധതിയിൽ കർണാടകത്തിന് പുറത്തുനിന്ന് എത്തിപ്പഠിക്കുന്ന വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിയതാണ് മലയാളികൾക്ക് അനുഗ്രഹമായത്. കോളേജിൽ നിന്നുള്ള രേഖകൾക്കൊപ്പം താമസസ്ഥലം തെളിയിക്കുന്ന വാടകക്കരാറോ വൈദ്യുതി ബില്ലോ ഹാജരാക്കിയാൽ ഇവർക്കും സൗജന്യ പാസ് ലഭിക്കും.

സൗജന്യ ബസ് പാസ് സ്വന്തമാക്കാൻ വിദ്യാർത്ഥികൾ കർണാടക സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ ‘സേവാ സിന്ധു’ വഴി ഓൺലൈനായി അപേക്ഷിക്കണം. കർണാടക വൺ, ഗ്രാമ വൺ സെന്ററുകൾ വഴിയും നേരിട്ട് അപേക്ഷിക്കാം. 30 രൂപയാണ് ഇതിനുള്ള സർവീസ് ചാർജ്. അപേക്ഷ അംഗീകരിച്ചാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലെ കൗണ്ടറുകൾ വഴിയോ സേവന കേന്ദ്രങ്ങൾ വഴിയോ പാസുകൾ കൈപ്പറ്റാം. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് 10 മാസത്തേക്കും ഐടിഐ വിദ്യാർത്ഥികൾക്ക് 12 മാസത്തേക്കുമാണ് പാസ് ലഭിക്കുക. കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ലയു കെആർടിസി, കെകെആർടിസി ബസുകളിൽ ഈ പാസ് ഉപയോഗിക്കാം. നിലവിൽ പണം നൽകി പാസ് എടുത്ത വിദ്യാർത്ഥികൾക്ക് ആ തുക 15 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.