കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ ബിസിനസുകൾക്കുണ്ടായ തകർച്ചയെക്കുറിച്ചും സിനിമയിലെ വലിയ സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഷീലു എബ്രഹാം. അവസാനമായി ചെയ്ത രണ്ട് സിനിമകൾ പരാജയപ്പെട്ടതിലൂടെ തങ്ങൾക്ക് ഏകദേശം പന്ത്രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായതായി ഷീലു വെളിപ്പെടുത്തി. എന്നാൽ തന്റെ ഭർത്താവ് ഉണ്ടാക്കിവെച്ച ശക്തമായ സാമ്പത്തിക അടിത്തറയുള്ളതുകൊണ്ട് ഈ വലിയ നഷ്ടങ്ങൾ തങ്ങളുടെ കുടുംബത്തെയോ ബിസിനസിനെയോ ബാധിച്ചില്ലെന്ന് താരം വ്യക്തമാക്കി.
കോവിഡ് കാലത്ത് തങ്ങളുടെ ആറ് ഹോട്ടലുകളും മുംബൈയിലെ ബിസിനസുകളും പൂർണ്ണമായി അടച്ചുപൂട്ടേണ്ടി വന്നിരുന്നുവെന്ന് ഷീലു ഓർത്തെടുത്തു. വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടങ്ങളിൽ നിന്നുള്ള വരുമാനവും നിലച്ച ആ പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ 450 ഓളം ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ സാധിച്ചു. ഭർത്താവ് തന്റെ ഫിക്സഡ് ഡെപ്പോസിറ്റുകൾ പൊട്ടിച്ചാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നൽകിയതെന്നും, പണം കടം വാങ്ങി ബിസിനസ്സ് ചെയ്യാത്ത അദ്ദേഹത്തിന്റെ സ്ട്രാറ്റജിയാണ് തങ്ങളെ രക്ഷിച്ചതെന്നും ഷീലു പറഞ്ഞു.
സിനിമയിൽ അഭിനയിച്ചപ്പോൾ തനിക്ക് എപ്പോഴും വിമർശനങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ആരും പുകഴ്ത്തിയിട്ടില്ലെന്നും ഷീലു കൂട്ടിച്ചേർത്തു. സ്വന്തം പ്രൊഡക്ഷൻ ഉള്ളതുകൊണ്ട് തന്നെ ഒരു ‘പ്രിവിലേജ്ഡ് ആക്ട്രസ്’ ആയിട്ടാണ് പലരും കാണുന്നത്. സിനിമയിൽ ആര് അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളല്ല, മറിച്ച് ഫിലിം മേക്കേഴ്സ് ആണെന്നും അവർ വ്യക്തമാക്കി. കൂടാതെ, താൻ പുതുതായി ആരംഭിച്ച സാരി ബിസിനസ്സിൽ കസ്റ്റമേഴ്സിന്റെ വിശ്വാസം നേടിയെടുക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും ഷീലു അഭിമുഖത്തിൽ പങ്കുവെച്ചു.