രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലെ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം അധികൃതർ കർശനമായി നടപ്പാക്കിത്തുടങ്ങി. ആളുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്നും, ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പോയിന്റുകളിലും വിലക്ക് കർശനമാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു.
ആറുവരിപ്പാത നിർമ്മാണം പൂർത്തിയായി തുറന്നുകൊടുത്തപ്പോൾ തന്നെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും പലരും ഇത് പാലിച്ചിരുന്നില്ല. മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ അപകടസാധ്യത വർധിച്ചതിനെ തുടർന്നാണ് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് നിരോധനം കർശനമാക്കാൻ തീരുമാനിച്ചത്.
നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുന്നതിനൊപ്പം ആറുവരിപ്പാതയിലും സർവീസ് റോഡിലും വാഹനം പാർക്ക് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാഹനം കേടായാൽ മാത്രമേ നിർത്തിയിടാൻ അനുവദിക്കൂ. തൊണ്ടയാട്, കുടിൽത്തോട്, പാലോറമല തുടങ്ങിയ ഭാഗങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോലീസിന്റെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും.