Thanks for watching! Content unlocked for this session.

കെഎസ്ആർടിസി വിദ്യാർത്ഥി കൺസെഷൻ നിരക്ക് കുത്തനെ കൂട്ടി; വ്യാപക പ്രതിഷേധം

കെഎസ്ആർടിസി ഓൺലൈൻ പാസ് പുതുക്കൽ നിരക്ക് 10 രൂപയിൽ നിന്ന് 110 രൂപയായി കുത്തനെ വർദ്ധിപ്പിച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യാതൊരുവിധ മുൻകൂർ മുന്നറിയിപ്പുമില്ലാതെ വരുമാനമില്ലാത്ത സാധാരണക്കാരായ വിദ്യാർത്ഥികളുടെ മേൽ പതിനൊന്നിരട്ടി അധികബാധ്യത അടിച്ചേൽപ്പിച്ച ഈ തീരുമാനം ഒട്ടും നീതീകരിക്കാനാകാത്തതാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നു.

ഉയർന്ന ശമ്പളം വാങ്ങുന്ന വനിതകൾക്ക് വരെ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമ്പോഴാണ്, വരുമാനമില്ലാത്ത സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പാസ് നിരക്ക് കുത്തനെ കൂട്ടിയത്. മുൻ സർക്കാരുകൾ വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചിരുന്ന സ്ഥാനത്താണ് ഈ പുതിയ തീരുമാനം വന്നിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്ക് കൊള്ളയടിക്കാൻ അവസരമൊരുക്കുന്നതിനാണ് ഈ നിരക്ക് വർദ്ധനവെന്നും ആരോപണമുണ്ട്.

നിരക്ക് വർദ്ധനവിനെതിരെ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വർദ്ധിപ്പിച്ച നിരക്ക് അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകി. എന്നാൽ, ഈ കുത്തനെയുള്ള നിരക്ക് വർദ്ധനവിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ കെഎസ്ആർടിസിയോ സർക്കാരോ ഇതുവരെ തയ്യാറായിട്ടില്ല.