Thanks for watching! Content unlocked for this session.

സ്ത്രീകൾ സീറോ ടിക്കറ്റ് നിർബന്ധമായും എടുക്കണം, ഭാവിയിൽ ഗുണമുണ്ടാകും: ഗതാഗത മന്ത്രി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിക്ക് സംസ്ഥാനത്ത് ഔദ്യോഗികമായി തുടക്കമായി. സ്ത്രീ സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ചരിത്രപരമായ മാതൃകയാണിതെന്നും എപിഎൽ-ബിപിഎൽ വ്യത്യാസമോ, പ്രായഭേദമോ, സ്വദേശി-വിദേശി വ്യത്യാസമോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും യാതൊരുവിധ മുൻകൂർ രജിസ്ട്രേഷനും കൂടാതെ ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകളും ‘സീറോ ടിക്കറ്റ്’ നിർബന്ധമായും വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് മന്ത്രി പ്രത്യേകം വ്യക്തമാക്കി. നിലവിൽ ഈ ടിക്കറ്റ് കൈവശം വെക്കുന്നത് കൊണ്ട് സ്ത്രീകൾക്ക് പ്രത്യേകിച്ച് വ്യക്തിഗത ഗുണങ്ങൾ ഒന്നും ഇല്ലെങ്കിലും, ഭാവിയിൽ ഈ ടിക്കറ്റുകൾ വഴി ചില പ്രയോജനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ടിക്കറ്റുകൾ കൃത്യമായി എടുക്കുന്നത് സർക്കാരിനും കെഎസ്ആർടിസിക്കും കൃത്യമായ യാത്രാ കണക്കുകൾ സൂക്ഷിക്കാൻ സഹായകരമാകും.

കൂടുതൽ ഓർഡിനറി സർവീസുകൾ ലഭ്യമാക്കുന്നതിനായി ചില സിറ്റി ഫാസ്റ്റ് ബസുകളെ ഓർഡിനറി ബസുകളാക്കി മാറ്റാൻ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടികൾ എന്നിവയിലെല്ലാം ഈ സൗജന്യ യാത്ര ലഭ്യമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്വകാര്യ ബസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽ, പൊതുഗതാഗത സംവിധാനത്തെ പൂർണ്ണമായും ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.