Thanks for watching! Content unlocked for this session.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയുമായി പ്രിയദർശിനി പദ്ധതി; വിമർശകർക്ക് മറുപടിയുമായി വി.ഡി. സതീശൻ

കേരളത്തിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ തമ്പാനൂരിൽ നിന്നാണ് പദ്ധതിയുടെ ആദ്യ സർവീസ് ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഈ പദ്ധതി വഴി സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രാ ആനുകൂല്യം ലഭിക്കുന്നതിനായി സ്ത്രീകൾക്കോ ട്രാൻസ്ജെൻഡർ വ്യക്തികൾക്കോ യാതൊരുവിധ തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ പ്രായപരിധിയോ ആവശ്യമില്ല.

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ മെൻസ് അസോസിയേഷന് മുഖ്യമന്ത്രി വി.ഡി. സതീശൻ തമാശ രൂപേണ മറുപടി നൽകി. സ്ത്രീകൾ പണം ലാഭിച്ചാൽ അത് വീട്ടിലെത്തുമെന്നും, എന്നാൽ പുരുഷന്മാരുടെ കയ്യിലുള്ള പണം കുറച്ചുപേർ വീട്ടിൽ കൊടുത്താലും ബാക്കി തുക സർക്കാരിലേക്ക് തന്നെ തിരികെ പോകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രധാന വരുമാന മാർഗ്ഗമായ മദ്യവിൽപനയെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ഈ പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്നും അവരെ ബഹുമാനിക്കാൻ സമൂഹം പഠിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓർഡിനറി സിറ്റി, ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് തുടങ്ങി കെഎസ്ആർടിസിയുടെ ഏഴ് ക്ലാസുകളിലുള്ള ഓർഡിനറി ബസുകളിലാണ് നിലവിൽ സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി നിലവിൽ വന്നതോടെ വിദ്യാർത്ഥിനികൾക്ക് ഇനി ഓർഡിനറി ബസുകളിൽ കൺസഷൻ ടിക്കറ്റിന്റെ ആവശ്യം വരില്ല. പദ്ധതി ലഭ്യമാകുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും ‘പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. വനിതാ ഡ്രൈവറും കണ്ടക്ടറും നയിച്ച ആദ്യ സർവീസിന്റെ ഉത്തരവിറക്കിയതും ഗതാഗത വകുപ്പിലെ വനിതാ സെക്രട്ടറിയാണെന്നത് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്.