കേരളത്തിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പുനൽകുന്ന ചരിത്രപരമായ ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം അവരെ സ്വയംപര്യാപ്തതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ശീലയാണ് ഉദ്ഘാടന സർവീസിന്റെ സാരഥിയായത്; വനിതയായ കണ്ടക്ടറും ഈ ബസിലുണ്ടായിരുന്നു. നിലവിൽ സംസ്ഥാനത്തെ 3,725 ഓർഡിനറി ബസുകളിലാണ് ഈ സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. “പ്രിയദർശിനി സൗജന്യ യാത്ര” എന്ന സ്റ്റിക്കർ പതിപ്പിച്ച ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മുൻപ് ഓർഡിനറി ആയിരുന്ന ചില ബസുകൾ സിറ്റി ഫാസ്റ്റ് ആയി മാറ്റിയിട്ടുള്ളതിനാൽ യാത്രക്കാർ സ്റ്റിക്കർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര അനുവദിച്ചതിനെതിരെ മെൻസ് അസോസിയേഷൻ രംഗത്തെത്തിയതിനോട് മുഖ്യമന്ത്രി വി.ഡി. സതീശൻ തമാശരൂപേണയാണ് പ്രതികരിച്ചത്. സ്ത്രീകളുടെ കയ്യിൽ പണം മിച്ചം വന്നാൽ അത് വീട്ടിലെത്തുമെന്നും, എന്നാൽ പുരുഷന്മാരുടെ കയ്യിലാണെങ്കിൽ അതിൽ കുറച്ചുമാത്രമേ വീട്ടിലെത്തൂ എന്നും ബാക്കി സർക്കാരിലേക്ക് തന്നെ തിരികെ പോകുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ, വിവിധ ജില്ലകളിൽ മറ്റ് മന്ത്രിമാരും ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.