ബംഗളൂരുവിലെ മൗണ്ട് ഷെപ്പേർഡ് നഴ്സിംഗ് കോളേജ് ചെയർമാനെതിരെ ഗുരുതരമായ ലൈംഗിക അതിക്രമ ആരോപണവുമായി തൃശ്ശൂർ സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി രംഗത്ത്. കോളേജ് ചെയർമാൻ വാൾട്ടർ ജെസിം തനിക്കെതിരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയെന്നും, ഇതിനെതിരെ പ്രതികരിച്ചതോടെ പരീക്ഷ എഴുതാൻ അനുവദിക്കാതെ കോളേജിൽ നിന്നും പുറത്താക്കിയെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തി.
കോളേജിൽ ചേർന്ന ആദ്യ വർഷം മുതൽ തന്നെ ചെയർമാൻ തന്നോട് മോശമായി സംസാരിക്കുകയും മുൻ കാമുകിയോട് ഉപമിക്കുകയും ചെയ്തിരുന്നതായി പെൺകുട്ടി പറയുന്നു. പലതവണ ക്യാബിനിലേക്ക് വിളിപ്പിച്ച് ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ചെയർമാന്റെ ഭാര്യ കൂടിയായ കോളേജ് പ്രിൻസിപ്പാൾ ശശികലയോട് പരാതിപ്പെട്ടപ്പോൾ, പഠിച്ച് സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങണമെങ്കിൽ ചെയർമാൻ പറയുന്നത് അനുസരിക്കണമെന്നായിരുന്നു ലഭിച്ച മറുപടി. ഇതിന് വഴങ്ങാത്തതിനെ തുടർന്ന് വിദ്യാർത്ഥിനി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും മാനസിക പ്രശ്നമുണ്ടെന്നും സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിച്ച് മാനേജ്മെന്റ് അവളെ ഒറ്റപ്പെടുത്തുകയും പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് നിഷേധിക്കുകയും ചെയ്തു.
ഈ വർഷം ഏപ്രിലിൽ പോലീസിൽ പരാതി നൽകിയെങ്കിലും കർണാടക പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായത്. പിന്നീട് ചില മലയാളി എൻ.ജി.ഒകളുടെ ഇടപെടലിനെ തുടർന്നാണ് ചെയർമാൻ വാൾട്ടർ ജെസിം, ഭാര്യ ശശികല എന്നിവർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്. നിലവിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. തനിക്ക് നീതി ലഭിക്കുന്നതിനും പഠനം തുടരുന്നതിനും വേണ്ടി കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കണ്ട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ഈ വിദ്യാർത്ഥിനി.