യുഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച തുടർച്ചയായ നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, വി.ഡി. സതീശൻ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പിടിമുറുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഒരുങ്ങുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും ഇനി സർക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുക. ഭരണതലത്തിലെ പ്രധാന നിയമനങ്ങൾക്കെല്ലാം കെപിസിസിയുടെ മുൻകൂർ അനുമതി വേണമെന്ന കർശന നിർദ്ദേശമാണ് ഹൈക്കമാൻഡ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനായി സർക്കാർ-കെപിസിസി ഏകോപനത്തിനായി സ്ഥിരം സംവിധാനം ഉടൻ നിലവിൽ വരും.
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ സ്വന്തം സഹോദരി ഭർത്താവിനെ നിയമിച്ചതും, ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയുടെ അഭിഭാഷകനായ കെ.വി. പ്രദീപിനെ എജി ഓഫീസിൽ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതുമാണ് സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയത്. ഇരുവരെയും പദവികളിൽ നിന്ന് അതിവേഗം ഒഴിവാക്കിയെങ്കിലും പാർട്ടിക്കുണ്ടായ രാഷ്ട്രീയ ക്ഷീണം ചെറുതല്ല. ശുപാർശകൾ മാത്രം നോക്കി സ്വന്തക്കാരെയും വിവാദ വ്യക്തികളെയും തിരുകിക്കയറ്റുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പരസ്യമായി രംഗത്തുവന്നത് ആഭ്യന്തര അസംതൃപ്തി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഈ നിയമന വിവാദത്തെ രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സ്വർണ്ണക്കള്ളക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചു. ഇതിനിടെ, മുസ്ലിം ലീഗിലെ മന്ത്രിമാർ പാർട്ടിയുടെ പ്രത്യേക സമിതി നൽകിയ നിർദ്ദേശങ്ങൾ അട്ടിമറിച്ച് തങ്ങൾക്ക് താല്പര്യമുള്ളവരെ പേഴ്സണൽ സ്റ്റാഫിലേക്ക് തിരഞ്ഞെടുത്തതിനെ ചൊല്ലി ലീഗിനുള്ളിലും ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിട്ടുണ്ട്. വടക്കൻ ജില്ലകളിലെ സജീവ പ്രവർത്തകരെ അവഗണിച്ച് അടുത്തിടെ പാർട്ടിയിലെത്തിയ വിരമിച്ച ഉദ്യോഗസ്ഥർക്ക് പദവികൾ നൽകിയതിലാണ് പാർട്ടി അണികൾക്കിടയിൽ പ്രതിഷേധം ശക്തമായിരിക്കുന്നത്.