Thanks for watching! Content unlocked for this session.

കൊല്ലത്ത് കെഎസ്ആർടിസി ബസ് ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു

കൊല്ലത്ത് കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി ബസ് സർവീസിന്റെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു. ബസിനുള്ളിലെ തിരക്കിനിടയിൽ പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ, മുദ്രാവാക്യം വിളിക്കുകയായിരുന്ന കോൺഗ്രസ് പ്രവർത്തകയുടെ കൈ തട്ടിയാണ് പായസം മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞത്.

പായസം വീണതിനെ തുടർന്ന് ദേഷ്യപ്പെട്ടെങ്കിലും മന്ത്രി സംഭവത്തിൽ പരാതിയൊന്നും നൽകിയിട്ടില്ല. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ഷാൾ ഉപയോഗിച്ച് തലയും മുഖവും തുടച്ചതിനാൽ പൊള്ളലേറ്റില്ല. സ്പെഷ്യൽ ബ്രാഞ്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകും. അതേസമയം, ഉദ്ഘാടനം കഴിഞ്ഞ് സർവീസ് ആരംഭിച്ച പ്രിയദർശിനി ബസ് എയർ ലീക്ക് മൂലം വഴിയിൽ പണിമുടക്കുകയും യാത്രക്കാർക്ക് മറ്റ് ബസുകളിൽ യാത്ര തുടരേണ്ടി വരികയും ചെയ്തു.

ഇതിനിടെ പത്തനംതിട്ട അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ ജീവനക്കാരൻ വടികൊണ്ട് അടിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ആർ. വേണു എന്ന ജീവനക്കാരനെതിരെയാണ് ആരോപണം. എന്നാൽ ഭിക്ഷാടന നിരോധന മേഖലയായതിനാൽ ഇവരെ ഇവിടെ നിന്നും മാറ്റിവിടുക മാത്രമാണ് ചെയ്തതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. പരിക്കേറ്റ ആന്ധ്രാ സ്വദേശിനിയായ സ്ത്രീ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.