കോവിഡിനേക്കാൾ വിനാശകരമായ മറ്റൊരു മഹാമാരി വരും വർഷങ്ങളിൽ ലോകത്തെ കാത്തിരിക്കുന്നുണ്ടെന്ന ജാപ്പനീസ് മാങ്ക എഴുത്തുകാരി റിയോ തൽസുഗിയുടെ പ്രവചനം വലിയ ആശങ്കയോടെയാണ് ലോകം ചർച്ച ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് കോവിഡ് മഹാമാരിയുടെ വരവ് കൃത്യമായി പ്രവചിച്ച് ലോകത്തെ ഞെട്ടിച്ച റിയോ തൽസുഗിയെ ‘ജാപ്പനിലെ ബാബ വംഗ’ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. തന്റെ സ്വപ്നങ്ങളെ അടിസ്ഥാനമാക്കി അവർ നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
1999-ൽ പ്രസിദ്ധീകരിച്ച ‘ദി ഫ്യൂച്ചർ ഐ സീ’ (The Future I See) എന്ന കോമിക് പുസ്തകത്തിലാണ് റിയോ ലോകത്തെ ഞെട്ടിച്ച പല പ്രവചനങ്ങളും നടത്തിയത്. 2020 ഓടെ ഒരു അജ്ഞാത വൈറസ് വരുമെന്നും ഏപ്രിലിൽ അത് ഉച്ചസ്ഥായിയിൽ എത്തുമെന്നും അവർ ഈ പുസ്തകത്തിൽ കുറിച്ചിരുന്നു. കോവിഡ് കാലത്ത് ഇത് അക്ഷരംപ്രതി സത്യമായി ഭവിച്ചു. ഡയാന രാജകുമാരിയുടെയും പ്രശസ്ത ഗായകൻ ഫ്രെഡി മെർക്കുറിയുടെയും മരണം, 1995-ലെ കോബി ഭൂകമ്പം, ജപ്പാനിലെ പ്രമുഖ പ്രകൃതിദുരന്തങ്ങൾ എന്നിവയെല്ലാം വർഷങ്ങൾക്ക് മുൻപേ പ്രവചിക്കാൻ റിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
റിയോയുടെ പ്രവചനങ്ങൾ കൃത്യമായ ഒരു 15 വർഷത്തെ ചക്രം പിന്തുടരുന്നവയാണ്. പുതിയ വെളിപ്പെടുത്തൽ പ്രകാരം 2030-ൽ ഈ പുതിയ മഹാമാരി അതിശക്തമായി ലോകത്തെ ബാധിക്കുമെന്നാണ് പ്രവചനം. 2030-ൽ ഇത് സംഭവിച്ചില്ലെങ്കിൽ, ഈ വലിയ അപകടസാധ്യത മറ്റൊരു 15 വർഷം കൂടി മുന്നോട്ട് നീങ്ങി 2045-ലേക്ക് മാറാനും സാധ്യതയുണ്ടെന്ന് ഇവരുടെ അനുയായികൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന വൈറസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുസ്തകത്തിൽ ഇല്ലെങ്കിലും, കോവിഡിനേക്കാൾ വലിയ ഒരു മഹാമാരിയായിരിക്കും ഇതെന്ന വെളിപ്പെടുത്തൽ ലോകമെമ്പാടും വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.