Thanks for watching! Content unlocked for this session.

അണ്ണാമലൈക്ക് പിന്നാലെ ലതാ രജനികാന്തും രംഗത്ത്; തമിഴക രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ

തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സൂപ്പർതാരം രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്ത് പുതിയ സോഷ്യൽ മൂവ്മെന്റുമായി രംഗത്തെത്തി. ‘മക്കൾ മേട’ എന്ന പേരിൽ ആരംഭിച്ച ഈ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് താല്പര്യമുള്ള ആർക്കും കടന്നുവരാമെന്ന് ലതാ രജനികാന്ത് വ്യക്തമാക്കിയിട്ടുണ്ട്. അണ്ണാമലൈ തന്റെ പുതിയ സംഘടനയുടെ പ്രഖ്യാപനത്തിനിടെ രജനികാന്തിന്റെ പേര് പരാമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ലത ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

രജനികാന്തിന്റെ ആശീർവാദത്തോടെയാണ് താൻ ബിജെപിയിലേക്ക് എത്തിയതെന്ന് അണ്ണാമലൈ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ലതാ രജനികാന്തിന്റെ പുതിയ നീക്കം, അണ്ണാമലൈയുടെ രാഷ്ട്രീയ പ്രസ്ഥാനവുമായി രജനികാന്തിന് നിലവിൽ ബന്ധമില്ലെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. തമിഴ്നാട്ടിൽ ബിജെപി സഖ്യമില്ലാതെ തനിച്ചു മത്സരിക്കണമെന്ന തന്റെ ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിക്കാത്തതിനെ തുടർന്നാണ് താൻ പാർട്ടി വിട്ടതെന്ന് അണ്ണാമലൈ വെളിപ്പെടുത്തി. ‘ദി മൂവ്മെന്റ് ബിലോങ്സ് ടു ദി പീപ്പിൾ’ എന്ന പേജിലൂടെ ആരംഭിച്ച അദ്ദേഹത്തിന്റെ പുതിയ കൂട്ടായ്മയിൽ ആദ്യ മണിക്കൂറുകളിൽ തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകൾ അംഗത്വമെടുത്തു.

അണ്ണാമലൈക്ക് പിന്നാലെ തമിഴ്‌നാട് ബിജെപിയിൽ നിന്ന് മറ്റൊരു പ്രമുഖ നേതാവു കൂടി രാജിവെച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി സുമതി വെങ്കടേശാണ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഏറെ സങ്കടത്തോടെയാണ് പടിയിറങ്ങുന്നതെന്നും വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമായാണ് രാജിയെന്നും വ്യക്തമാക്കിയ അവർ, തന്റെ ഭാവി പരിപാടികളെക്കുറിച്ച് നിലവിൽ വെളിപ്പെടുത്തിയിട്ടില്ല.