ആലുവ ഇടയപ്പുറം റോഡിൽ പ്രീസ്കൂൾ ഗേറ്റ് തുറന്ന് തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരൻ മിനി ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപെട്ടു. രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. തോട്ടുമുഖത്തു നിന്നും ഇടയപ്പുറത്തേക്ക് പോകുന്ന റോഡരികിലെ പ്രീസ്കൂളിൽ നിന്നാണ് കുട്ടി ആരുടെയും ശ്രദ്ധയിൽ പെടാതെ പുറത്തേക്ക് ഓടിയത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്കൂളിൽ പെയിന്റിംഗ് ജോലികൾ നടന്നിരുന്നതിനാലാണ് ഗേറ്റ് തുറന്നുകിടന്നതെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. കുട്ടി റോഡിലേക്ക് പ്രവേശിക്കുന്നത് കണ്ട് അതുവഴി വന്ന മിനി ലോറി ഡ്രൈവർ പെട്ടെന്ന് ഹോൺ മുഴക്കി വാഹനം നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറും ക്ലീനറും വണ്ടിയിൽ നിന്നും ചാടിയിറങ്ങി കുട്ടിയെ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റുകയും സ്കൂൾ അധികൃതരെ വിവരമറിയിച്ച് കുട്ടിയെ ഏൽപ്പിക്കുകയും ചെയ്തു. വലിയൊരു അപകടമാണ് ഇവരുടെ ജാഗ്രത മൂലം ഒഴിവായത്.
സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ആഴ്ച മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലും റിപ്പോർട്ട് ചെയ്തിരുന്നു. അവിടെ ഒരു വയസ്സ് തികയാത്ത കുഞ്ഞ് വീട്ടുകാരുടെ കണ്ണ് തെറ്റി റോഡിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയപ്പോൾ സ്വകാര്യ ബസ് ജീവനക്കാരാണ് രക്ഷകരായത്. ബസ് റോഡിന് കുറുകെ നിർത്തി മറ്റ് വാഹനങ്ങൾ തടഞ്ഞ ശേഷം കണ്ടക്ടർ കുട്ടിയെ എടുത്ത് വീട്ടുകാരെ ഏൽപ്പിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും അതീവ ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.