പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിലെ കുൽത്താലിയിൽ മലയാളി യുവാവിനെ മോഷ്ടാവെന്ന് സംശയിച്ച് കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. ജൂൺ ഒന്നിനാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് സംഭവം അറിയുന്നതും കേസെടുത്ത് പ്രതികളെ പിടികൂടുന്നതും.
കുൽത്താലിയിലെ ഒരു പരിചയക്കാരന്റെ വീട്ടിൽ ജോലിക്ക് എത്തിയതായിരുന്നു മുപ്പതുകാരനായ മലയാളി യുവാവ്. ജൂൺ ഒന്നിന് രാവിലെ അടുത്തുള്ള ചന്തയിലേക്ക് പോയ ഇയാൾക്ക് വഴിതെറ്റി മറ്റൊരു പ്രദേശത്ത് എത്തിപ്പെടുകയായിരുന്നു. ബംഗാളി ഭാഷ അറിയാത്തതിനാൽ നാട്ടുകാർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാനോ തിരിച്ചറിയൽ രേഖകൾ കാണിക്കാനോ ഇയാൾക്ക് സാധിച്ചില്ല. ഇതോടെ കള്ളനാണെന്ന് ആരോപിച്ച് നാട്ടുകാർ യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
റോഡരികിൽ പരിക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുൽത്താലി പോലീസാണ് ഇയാളെ ജയനഗർ കുൽത്താലി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആദ്യം സാധാരണ മരണമെന്നാണ് കരുതിയതെങ്കിലും പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലൂടെയാണ് ഇത് ആൾക്കൂട്ട കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത എട്ടുപേരിൽ ഒരാളെ വിട്ടയച്ചു. മരിച്ചയാളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.