Thanks for watching! Content unlocked for this session.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: സ്റ്റിക്കർ വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി

സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കെഎസ്ആർടിസി രംഗത്ത്. സൗജന്യ യാത്ര ഒഴിവാക്കാനായി ഓർഡിനറി ബസുകളിൽ ‘സിറ്റി ഫാസ്റ്റ്’ സ്റ്റിക്കറുകൾ പതിപ്പിച്ചു എന്ന തരത്തിൽ പ്രചരിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ഓർഡിനറി ബസുകളും സിറ്റി ഫാസ്റ്റ് ബസുകളും യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനാണ് പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിലവിലുള്ള 34 ഓർഡിനറി ബസുകളിൽ (32 ഇലക്ട്രിക് ബസുകളും രണ്ട് ഡീസൽ ബസുകളും) ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് പെയിന്റ് ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സിറ്റി ഫാസ്റ്റ് സർവീസുകളിൽ ഈ സൗജന്യ യാത്ര ലഭ്യമാകില്ല. ഇതറിയാതെ യാത്രക്കാർ മാറി കയറുന്നത് ഒഴിവാക്കാനാണ് സർവീസ് നടത്തുന്ന 47 സിറ്റി ഫാസ്റ്റ് ബസുകളിൽ പ്രത്യേകം സ്റ്റിക്കറുകൾ പതിപ്പിച്ചത്. ജനങ്ങളെ പറ്റിക്കാനാണ് ഈ നടപടിയെന്ന പ്രചാരണം തെറ്റാണെന്നും കെഎസ്ആർടിസി വിശദീകരിച്ചു.

നിലവിൽ ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ ലിമിറ്റഡ് സ്റ്റോപ്പ് എന്നീ ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസുകൾ, സിറ്റി ഫാസ്റ്റ് എന്നിവയിൽ ഈ ആനുകൂല്യം ലഭ്യമല്ല. സിറ്റി ഓർഡിനറിക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരു രൂപയുമായിരിക്കുമ്പോൾ, സിറ്റി ഫാസ്റ്റിന് കുറഞ്ഞ നിരക്ക് 12 രൂപയും കിലോമീറ്ററിന് 1.03 രൂപയുമാണ്. വനിതാ ഡ്രൈവറും വനിതാ കണ്ടക്ടറും നയിച്ച ആദ്യ സർവീസ് തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത് വിജയകരമായി പ്രയാണം ആരംഭിച്ചു.