Thanks for watching! Content unlocked for this session.
-->

കൊല്ലങ്കോട് സ്വദേശിയായ ബിഎസ്എഫ് ജവാൻ നെൽസണെ കാണാതായിട്ട് 16 വർഷം; സഹായം തേടി കുടുംബം

രാജ്യത്തിന് കാവലായി 21 വർഷം ബിഎസ്എഫിൽ സേവനമനുഷ്ഠിച്ച കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ ഡി. നെൽസണെ കാണാതായിട്ട് 16 വർഷം പിന്നിടുന്നു. ബിഎസ്എഫ് സേവനത്തിൽ നിന്ന് വിരമിച്ച ശേഷം പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന യാത്രാമധ്യേ 2010 ഡിസംബർ 4-നാണ് 41-കാരനായ നെൽസണെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ പോലും കുടുംബത്തിന് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കൊൽക്കത്ത ബെനിയാപ്പ്ക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് നെൽസണെ കാണാതാകുന്നത്. ലാൽ ബസാറിലെ മിസ്സിംഗ് പേഴ്സൺസ് സ്ക്വാഡും പ്രാദേശിക പോലീസും വിപുലമായ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇനി കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്നും വ്യക്തമാക്കുന്ന അന്തിമ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഓൾ ഇന്ത്യ ബിഎസ്എഫ് പൂർവ്വ സൈനിക ക്ഷേമ സംഘടനയ്ക്ക് ലഭിച്ചത്. നിയമപരമായ സാധാരണ പെൻഷൻ ഒഴികെ മറ്റ് യാതൊരുവിധ പ്രത്യേക മാനുഷിക സഹായങ്ങളും ഈ കുടുംബത്തിന് ഇതുവരെ അധികാരികളിൽ നിന്ന് ലഭ്യമായിട്ടില്ല.

ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ബിഎസ്എഫ് പൂർവ്വ സൈനിക ക്ഷേമ സംഘടന രംഗത്തെത്തിയിട്ടുണ്ട്. ബിഎസ്എഫ് ഡയറക്ടർ ജനറൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ, തമിഴ്നാട് മുഖ്യമന്ത്രി, കന്യാകുമാരി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് നിവേദനം നൽകിയതായി സംഘടനയുടെ ജനറൽ സെക്രട്ടറി ജി. ബാലകൃഷ്ണൻ അറിയിച്ചു. കാണാതായ ജവാന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് വ്യക്തത വരുത്താനും കുടുംബത്തിന് അർഹമായ മാനുഷിക പരിഗണനയും ആശ്വാസവും ലഭ്യമാക്കാനും സർക്കാർ തയ്യാറാകണമെന്നാണ് സംഘടനയുടെ ആവശ്യം.