Thanks for watching! Content unlocked for this session.
-->

ഞാൻ ആരുടെയും കളിപ്പാവയല്ല; ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ

താരസംഘടനയായ ‘അമ്മ’യുടെ (AMMA) പ്രസിഡൻ്റ് സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നാലെ കടുത്ത വെളിപ്പെടുത്തലുകളുമായി നടി ശ്വേത മേനോൻ രംഗത്തെത്തി. താൻ ആരുടെയും കൈയിലെ കളിക്കോപ്പാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ താരം, സംഘടനയിലെ സാമ്പത്തിക അക്കൗണ്ടുകളിലെ ഗുരുതരമായ അപാകതകളെക്കുറിച്ചും തുറന്നടിച്ചു.

തങ്ങളുടെ കമ്മിറ്റിയിൽ ട്രഷറർ ഇല്ലാതിരുന്നതിനാൽ കൃത്യമായ കണക്കുകൾ പുറത്തുകൊണ്ടുവരാൻ സാധിച്ചില്ലെന്ന് ശ്വേത മേനോൻ വെളിപ്പെടുത്തി. തങ്ങൾ എല്ലാ തെറ്റുകളും ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ഏറ്റവും വലിയ വീഴ്ചകൾ സംഭവിച്ചത് മുൻ കമ്മിറ്റിയുടെ ഭാഗത്തുനിന്നാണ്. മുൻ കമ്മിറ്റിയുടെ അക്കൗണ്ടുകളെല്ലാം പൂർണ്ണമായും തെറ്റായ രീതിയിലായിരുന്നുവെന്നും ഭൂരിഭാഗം ഇടപാടുകളും പണമായിട്ടാണ് (Cash Dealings) നടത്തിയതെന്നും വൈറ്റ് മണി വളരെ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവർ ആരോപിച്ചു.

കഴിഞ്ഞ പല മാസങ്ങളായി സംഘടനയിൽ ഇതാണ് സംഭവിച്ചുകൊണ്ടിരുന്നതെന്ന് ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ഈ കമ്മിറ്റിയിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചതിൽ വലിയ ആശ്വാസമുണ്ടെന്നും, ചിലരൊഴികെ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് ആളുകളെയോർത്ത് തനിക്ക് സങ്കടമുണ്ടെന്നും അവർ വ്യക്തമാക്കി.