സൂര്യന്റെ ആയുസ്സ് അവസാനിക്കുമ്പോൾ വികസിച്ചുവരുന്ന തീഗോളമായി മാറി ഭൂമിയെ വിഴുങ്ങുമെന്ന മുൻ ധാരണകളെ തിരുത്തി പുതിയ ശാസ്ത്ര പഠനം പുറത്തുവന്നു. ബെൽജിയത്തിലെ യൂണിവേഴ്സിറ്റി ഓഫ് ലുവൻ, ഫ്രാൻസിലെ സാക്ലൈ കേന്ദ്രം എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഭൂമി ഈ മഹാവിപത്തിൽ നിന്ന് രക്ഷപ്പെട്ടേക്കാം എന്ന് കണ്ടെത്തിയിരിക്കുന്നത്. ‘അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്’ എന്ന ജേണലിലാണ് ഈ പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സൂര്യന്റെ അവസാനഘട്ടത്തിൽ ഭൂമിയുടെ ഭാവിയെ നിർണ്ണയിക്കുന്നത് രണ്ട് പ്രധാന ശക്തികളുടെ പോരാട്ടമായിരിക്കും. വികസിച്ചുവരുന്ന സൂര്യൻ ഭൂമിയെ തന്നിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന ടൈഡൽ ഫോഴ്സും, പ്രായമാകുന്നതോടെ സൂര്യനിൽ നിന്നുള്ള ശക്തമായ സൗരവാതകങ്ങൾ കാരണം അതിന്റെ പിണ്ഡം കുറയുന്നതുമാണ് ഇവ. സൂര്യന്റെ ഭാരം കുറയുമ്പോൾ അതിന്റെ ഗുരുത്വാകർഷണ ശക്തിയും കുറയുകയും, ഇത് ഭൂമിയെയും ചൊവ്വയെയും അവയുടെ നിലവിലുള്ള ഭ്രമണപഥത്തിൽ നിന്നും അകലത്തേക്ക് തള്ളിമാറ്റി രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യും. എന്നാൽ സൂര്യനോട് ഏറ്റവും അടുത്തുകിടക്കുന്ന ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ പൂർണ്ണമായും ഇല്ലാതാകും.
ഏകദേശം 500 കോടി വർഷങ്ങൾക്ക് ശേഷമായിരിക്കും സൂര്യന്റെ ഈ മാറ്റങ്ങൾ സംഭവിക്കുകയെങ്കിലും, അതിന് കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഭൂമിയിലെ ജീവന്റെ സാന്നിധ്യം ഇല്ലാതാകും. സൂര്യന്റെ അമിതമായ ചൂട് കാരണം ഭൂമിയിലെ ജലാശയങ്ങൾ വറ്റിവരണ്ട് അന്തരീക്ഷ വാതകങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കുകയും, ഭൂമി പൂർണ്ണമായും വാസയോഗ്യമല്ലാതായി മാറുകയും ചെയ്യും. ഗ്രഹം എന്ന നിലയിൽ ഭൂമി അവശേഷിക്കുമെങ്കിലും മനുഷ്യർക്കോ മറ്റ് ജീവജാലങ്ങൾക്കോ ഇവിടെ ജീവിക്കാൻ സാധിക്കില്ല. കൂടാതെ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ തുടങ്ങിയ മറ്റ് ഗ്രഹങ്ങളെയും സൂര്യന്റെ ഈ അന്ത്യം ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.