കോതമംഗലം കാപ്പുചിറയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന രണ്ടര വയസ്സുകാരനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് പത്തുവയസ്സുകാരിയായ ഫാത്തിമ സെഹ്റ മാതൃകയായി. മലപ്പുറത്തു നിന്നും ബന്ധുവീട്ടിലെത്തിയ കുഞ്ഞ് അബദ്ധത്തിൽ ചിറയിലെ കയത്തിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് മരണത്തോട് മല്ലിടുന്ന സമയത്താണ് ഫാത്തിമയുടെ ധീരമായ ഇടപെടലുണ്ടാകുന്നത്.
പതിവുപോലെ സൈക്കിൾ ചവിട്ടുകയായിരുന്ന ഫാത്തിമ, വെള്ളത്തിൽ ആരോ മുങ്ങിത്താഴുന്നുണ്ടെന്ന അയൽവാസിയുടെ നിലവിളി കേട്ടാണ് ചിറയ്ക്കരികിലേക്ക് എത്തിയത്. ഒട്ടും സമയം കളയാതെ സൈക്കിൾ വഴിയിൽ ഉപേക്ഷിച്ച് അവൾ ആഴമേറിയ വെള്ളത്തിലേക്ക് എടുത്തുചാടി. വെള്ളത്തിൽ വീണ് അബോധാവസ്ഥയിലായ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് അവൾ പടവുകളിലേക്ക് നീന്തിക്കയറുകയായിരുന്നു.
കരയിലെത്തിച്ച ഉടൻ തന്നെ പരിഭ്രമിക്കാതെ കുഞ്ഞിനെ കമിഴ്ത്തിക്കിടത്തി പുറത്തും വയറ്റിലും തട്ടി ഉള്ളിൽ ചെന്ന വെള്ളം പുറത്തുകളയാൻ ഫാത്തിമ പ്രഥമശുശ്രൂഷ നൽകി. ഇതോടെ കുഞ്ഞ് വെള്ളം ചർദ്ദിച്ച് ബോധം വീണ്ടെടുത്തു. വീടിനടുത്തുള്ള ചിറയിലെ അപകടസാധ്യത മുന്നിൽക്കണ്ട് നാലാം വയസ്സുമുതൽ പിതാവ് നൗഫൽ നൽകിയ നീന്തൽ പരിശീലനമാണ് ഫാത്തിമയ്ക്ക് ഈ ധൈര്യം പകർന്നത്. ധീരതയുടെ ഈ വാർത്ത പുറത്തറിഞ്ഞതോടെ ജനപ്രതിനിധികളും നാട്ടുകാരും ഈ കൊച്ചുമിടുക്കിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.