മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യനടൻ സലിം കുമാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സലിം കുമാർ കടുത്ത ആരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് പിടിപെട്ട ലിവർ സിറോസിസ് എന്ന രോഗം മദ്യപാനം കൊണ്ടല്ലെന്നും, പാരമ്പര്യമായി ലഭിച്ചതാണെന്നും അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖം തന്നെയായിരുന്നുവെന്ന് വ്യക്തമാക്കിയ താരം, തനിക്കെതിരെ വന്ന വ്യാജപ്രചരണങ്ങളെയും തള്ളിക്കളഞ്ഞിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ കാരണം പൊതുവേദികളിൽ മറ്റുള്ളവരുടെ സഹായത്തോടെയാണ് അദ്ദേഹം എത്തിയിരുന്നത്. വ്യാജ ചികിത്സകൾ തന്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതിനെക്കുറിച്ചും ആ കാലഘട്ടത്തിൽ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും താരം മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രിയ താരം വേഗം സുഖം പ്രാപിക്കാനായുള്ള പ്രാർത്ഥനയിലാണ് ആരാധകരും സിനിമാ ലോകവും.