Thanks for watching! Content unlocked for this session.

ഓട്ടോ ഡ്രൈവർക്കെതിരെ വ്യാജ ആരോപണം: സോഷ്യൽ മീഡിയ താരം ഫസ്മിന സക്കീറിനെതിരെ വ്യാപക പ്രതിഷേധം

ഓട്ടോറിക്ഷ ഡ്രൈവർ മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന വ്യാജ ആരോപണവുമായി വീഡിയോ പങ്കുവെച്ച സോഷ്യൽ മീഡിയ താരം ഫസ്മിന സക്കീറിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. സംഭവം വിവാദമായതോടെ ഫസ്മിന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് പ്രൈവറ്റ് ആക്കുകയും ചെയ്തിരിക്കുകയാണ്. ഡ്രൈവറുടെ സങ്കടം നിറഞ്ഞ വിശദീകരണം പുറത്തുവന്നതോടെയാണ് ഇൻഫ്ലുവൻസർക്കെതിരെ ജനരോഷം ശക്തമായത്.

വസ്ത്ര വ്യാപാര ശൃംഖലയായ ‘സുഡിയോ’ (Zudio) എന്ന സ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് സംഭവങ്ങളുടെ തുടക്കം. ‘സുഡിയോ’ എന്നത് ഡ്രൈവർ കേട്ടത് ‘സ്റ്റുഡിയോ’ എന്നാണ്. സ്റ്റുഡിയോ എന്താണെന്ന് മനസ്സിലാകാത്തതിനാൽ നാട്ടിൽ ഒരുപാട് സ്റ്റുഡിയോകൾ ഉണ്ടല്ലോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. എന്നാൽ ഡ്രൈവർ മദ്യപിച്ചിട്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ആരോപിച്ച് യുവതി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

വീഡിയോ വൈറലായതോടെ ഒരു യൂട്യൂബർ ഓട്ടോ ഡ്രൈവറെ കണ്ടെത്തുകയും അദ്ദേഹത്തിന്റെ ഭാഗം ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തു. കടമെടുത്ത വണ്ടി ഓടിച്ചാണ് താൻ ജീവിക്കുന്നതെന്നും വ്യാജ വീഡിയോ കാരണം ഇപ്പോൾ ആരും തന്റെ ഓട്ടോയിൽ കയറുന്നില്ലെന്നും ഡ്രൈവർ സങ്കടത്തോടെ പറയുന്നു. താൻ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽ തന്റെ ഓട്ടോയും ഒരു ലക്ഷം രൂപയും തരാമെന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. സാധാരണക്കാരായ തൊഴിലാളികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്ന ഇൻഫ്ലുവൻസർമാരുടെ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.