Thanks for watching! Content unlocked for this session.

കീമോതെറാപ്പിക്ക് മുന്നോടിയായി വേദന പങ്കുവെച്ച് രേണു സുധി; പ്രാർത്ഥനയോടെ ആരാധകർ

അന്തരിച്ച നടൻ സുധിയുടെ ഭാര്യ രേണു സുധി തന്റെ കീമോതെറാപ്പി ചികിത്സാ വിവരങ്ങളും അനുഭവിക്കുന്ന കഠിനമായ ശാരീരിക വേദനകളും പങ്കുവെച്ച് രംഗത്തെത്തി. ചികിത്സയുടെ ഭാഗമായി പിക് ലൈൻ (PICC Line) ഇട്ടതിനെ തുടർന്ന് കടുത്ത വേദനയുണ്ടെന്നും എങ്കിലും തന്റെ മക്കൾക്ക് വേണ്ടി രോഗത്തെ അതിജീവിച്ച് ശക്തമായി തിരിച്ചുവരുമെന്നും രേണു പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി.

കീമോതെറാപ്പി ആരംഭിക്കുന്നതിന് മുന്നോടിയായി തന്റെ മുടി മുറിച്ച കാര്യവും രേണു പ്രേഷകരുമായി പങ്കുവെച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായ താരം, കഠിനമായ കീമോ മരുന്നുകൾ താങ്ങാൻ ശരീരത്തിന് ശേഷിയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതിനായി എക്കോ (Echo), ഇസിജി (ECG) തുടങ്ങിയ പരിശോധനകൾ പൂർത്തിയാക്കി ഡോക്ടർമാരുടെ അനുമതി പത്രം ലഭിച്ചതായും അവർ അറിയിച്ചു.

ശാരീരികമായ അസ്വസ്ഥതകളും നേരിയ ബ്ലീഡിംഗും ഉള്ളപ്പോഴും കിടക്കയിൽ കിടന്ന് പ്രാർത്ഥനാ ഗാനം പാടിയാണ് രേണു വേദനകളെ മറികടക്കാൻ ശ്രമിക്കുന്നത്. തനിക്കായി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞ താരം, അടുത്ത ദിവസങ്ങളിൽ കീമോ പോർട്ട് ഇടുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചു. നിരവധി ആരാധകരും സുഹൃത്തുക്കളും തിരുമേനിയും നേരിട്ടെത്തി തനിക്ക് നൽകിയ പിന്തുണ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും രേണു കൂട്ടിച്ചേർത്തു.