അച്ഛൻ പി. മാധവന്റെ വേർപാടിന്റെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് നടി കാവ്യ മാധവൻ. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രവും അച്ഛന്റെ മറ്റൊരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിലൂടെ അച്ഛനെ അനുസ്മരിച്ചത്. തിരികടാതെ തെളിഞ്ഞു നിൽക്കുന്ന ഹൃദയദീപമാണ് അച്ഛനെന്നും പ്രാർത്ഥനകൾ നേരുന്നുവെന്നും കാവ്യ തന്റെ പോസ്റ്റിൽ കുറിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു പി. മാധവൻ അന്തരിച്ചത്. നീലേശ്വരത്തുകാർക്കും സിനിമ ഇൻഡസ്ട്രിയിലുള്ളവർക്കും ‘മാധവേട്ടൻ’ എന്ന പേരിൽ പ്രിയങ്കരനായിരുന്ന അദ്ദേഹം കാവ്യയുടെ സിനിമാ യാത്രയിലും ബിസിനസ്സ് ജീവിതത്തിലും വലിയൊരു തണലായിരുന്നു. ബാലതാരമായി കാവ്യ അഭിനയരംഗത്തേക്ക് എത്തിയത് മുതൽ അവളുടെ ഓരോ വളർച്ചയിലും അച്ഛന്റെ നിരന്തരമായ ശ്രമങ്ങളും പിന്തുണയും ഉണ്ടായിരുന്നു. ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലേക്ക് പരസ്യം കണ്ട് കാവ്യയുടെ വിവരങ്ങൾ അയച്ചതും മകളെ മികച്ച നിലയിൽ എത്തിക്കാൻ മുൻകൈ എടുത്തതും അദ്ദേഹമായിരുന്നു.
കാവ്യയുടെ വ്യക്തിജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശക്തമായ പിന്തുണയുമായി മാധവൻ ഒപ്പമുണ്ടായിരുന്നു. കൊച്ചുമക്കളായ മാമാട്ടിയോടും മീനാക്ഷിയോടും ഏറെ സ്നേഹം പുലർത്തിയിരുന്ന അദ്ദേഹം, ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചും അവരെ കാണാനായി ചെന്നൈയിലേക്ക് യാത്ര ചെയ്യുമായിരുന്നു. കാവ്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ നെടുംതൂണായിരുന്ന അച്ഛന്റെ ഓർമ്മകൾ ആരാധകരും ഏറെ വൈകാരികതയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.