Thanks for watching! Content unlocked for this session.

വാവ സുരേഷ് ആശുപത്രി വിട്ടു; അവഗണനയുടെയും വിവേചനത്തിന്റെയും നോവിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് താരം

മൂർഖൻ പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവ സുരേഷ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ്ജ് ആയി ആശുപത്രി വിട്ടു. തനിക്ക് ലഭിച്ച ഏറ്റവും മികച്ച ചികിത്സയിലൂടെ ലഭിച്ചത് തന്റെ രണ്ടാം ജന്മമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹം, അപകടങ്ങൾ വകവെക്കാതെ തന്റെ പാമ്പുപിടുത്തം തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യക്തമാക്കി.

മുപ്പത്തിയഞ്ചിലധികം വർഷങ്ങളായി സ്വന്തം ചെലവിലും വാഹനത്തിലും കേരളത്തിലുടനീളം ഓടിയെത്തി പാമ്പുകളെ പിടികൂടുന്ന വാവ സുരേഷ്, ജനങ്ങളുടെ ഭയം മാറ്റാൻ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. എന്നാൽ ഈ യാത്രയിൽ കറുത്ത നിറത്തിന്റെ പേരിലും ചെയ്യുന്ന ജോലിയുടെ പേരിലും കടുത്ത അവഗണനയും വിവേചനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വേദനയോടെ ഓർക്കുന്നു. പാമ്പുകടിയേറ്റ് വികൃതമായ തന്റെ കൈകൾ കണ്ട് പലരും തനിക്ക് ഷേക്ക് ഹാൻഡ് തരാൻ പോലും മടിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ ജീവിതത്തിലുണ്ടായ ചില തിക്താനുഭവങ്ങളും സുരേഷ് പങ്കുവെക്കുകയുണ്ടായി. ഒരു വീട്ടിൽ പാമ്പിനെ പിടിക്കാൻ പോയപ്പോൾ കുടിക്കാൻ വെള്ളം നൽകിയത് ബാത്റൂമിലെ മഗ്ഗിലായിരുന്നു. മറ്റൊരു തിരുവോണ നാളിൽ അടുത്ത സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ, വീട്ടിലെ ഗ്ലാസുകൾ ഒഴിവാക്കി തനിക്ക് പായസം തരാനായി ഡിസ്പോസബിൾ ഗ്ലാസ് വാങ്ങാൻ സുഹൃത്തിന്റെ മകൻ പോയതും മുക്കാൽ മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതും അദ്ദേഹം ഓർത്തു. ആ ഗ്ലാസ് മടക്കി പോക്കറ്റിലിട്ട് സ്വന്തം വീട്ടിൽ കൊണ്ടുവന്നാണ് അദ്ദേഹം കളഞ്ഞത്. ഇത്തരം ഇടുങ്ങിയ മനോഭാവങ്ങൾ കാരണം വർഷങ്ങളായി തിരുവനന്തപുരത്തെ ആനന്ദനിലയം അനാഥമന്ദിരത്തിലാണ് താൻ ഓണസദ്യ കഴിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.