ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയിലെ മുൻ വെൽഡർ കോടീശ്വരനായി മാറിയ വാർത്ത ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. കമ്പനി നൽകിയ ഓഹരികളുടെ മൂല്യം കുതിച്ചുയർന്നതോടെയാണ് ഹുവാൻ ഹെർണാണ്ടസ് എന്ന സാധാരണക്കാരനായ തൊഴിലാളി ഒൻപത് കോടിയിലധികം രൂപയുടെ (1 ദശലക്ഷം ഡോളറിലധികം) ആസ്തിക്ക് ഉടമയായത്. ജീവനക്കാർക്ക് ഓഹരി പങ്കാളിത്തം നൽകുന്നത് വഴി സാധാരണക്കാരായ തൊഴിലാളികൾക്ക് കൈവരുന്ന സാമ്പത്തിക വളർച്ചയുടെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.
2015-ൽ ഒരു സുഹൃത്ത് വഴിയാണ് ഹെർണാണ്ടസ് സ്പേസ് എക്സിൽ ഒരു വെൽഡറായി ജോലിക്ക് പ്രവേശിക്കുന്നത്. അക്കാലത്ത് ഇതൊരു താൽക്കാലിക കരാർ ജോലി മാത്രമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. ജോലിയിൽ പ്രവേശിച്ച സമയത്ത് കമ്പനി ബോണസായി നൽകിയ ഏകദേശം 10,000 ഡോളർ (ഏകദേശം ഒൻപതര ലക്ഷം രൂപ) മൂല്യമുള്ള ഓഹരികൾക്ക് അദ്ദേഹം അന്ന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. സ്പേസ് എക്സിൽ ജോലി ചെയ്യുന്ന കാലയളവിൽ റോക്കറ്റ് ലോഞ്ചിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പങ്കാളിയായ അദ്ദേഹത്തിന് പിന്നീട് സൂപ്പർവൈസറായി സ്ഥാനക്കയറ്റവും ലഭിച്ചു.
നിലവിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ഹെർണാണ്ടസിന്റെ പക്കൽ 6,500 സ്പേസ് എക്സ് ഓഹരികളാണുള്ളത്. വിപണിയിൽ സ്പേസ് എക്സ് ഓഹരി ഒന്നിന് 160.95 ഡോളർ എന്ന നിരക്കിൽ വ്യാപാരം അവസാനിപ്പിച്ചതോടെയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം ഒരു ദശലക്ഷം ഡോളർ കടന്നത്. ഈ വലിയ സാമ്പത്തിക നേട്ടത്തിലും ജോലി ഉപേക്ഷിക്കാൻ തനിക്ക് പദ്ധതിയൊന്നുമില്ലെന്നും, പകരം ഈ സമ്പാദ്യം മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പേസ് എക്സിലെ അയ്യായിരത്തിലധികം സാധാരണക്കാരായ ജീവനക്കാരാണ് ഇത്തരത്തിൽ കോടീശ്വരന്മാരുടെ പട്ടികയിലേക്ക് ഉയർന്നത്.