ഒമാനിലെ ജലാൻ ബാനി ബൂ അലിയിൽ കാസർഗോഡ് സ്വദേശിയായ ഹരീഷ് കുമാർ (36) എന്ന പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളേജിന് പഠനത്തിനായി വിട്ടുകൊടുക്കണമെന്ന ഹരീഷിന്റെ അവസാന ആഗ്രഹം അടങ്ങിയ ആത്മഹത്യാക്കുറിപ്പ് പ്രവാസി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഒമാനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും മസ്കത് കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഇബ്രാഹിം ഒറ്റപ്പാലം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ഹൃദയഭേദകമായ വിവരം പുറംലോകമറിഞ്ഞത്. വർഷങ്ങളായി പ്രവാസികളുടെ മരണാനന്തര നിയമനടപടികൾക്ക് നേതൃത്വം നൽകുന്ന ഇബ്രാഹിം ഒറ്റപ്പാലത്തെപ്പോലും മാനസികമായി തളർത്തുന്നതായിരുന്നു ഹരീഷിന്റെ പോക്കറ്റിൽ നിന്നും കണ്ടെടുത്ത ആ കടലാസ് തുണ്ട്. മരിക്കാൻ പോകുന്ന അവസാന നിമിഷത്തിലും മറ്റുള്ളവർക്ക് ഉപകാരപ്പെടണമെന്ന ചിന്തയോടെയാണ് ഹരീഷ് ഈ കുറിപ്പ് എഴുതിവെച്ചത്.
കാസർഗോഡ് പനത്തടി ചാമുണ്ടിക്കുന്ന് പള്ളിക്കടവ് വെള്ളാവൂർ ഹൗസിൽ മോഹനൻ-ജയശ്രീ ദമ്പതികളുടെ മകനായ ഹരീഷ് കുമാർ ജലാൻ ബാനി ബൂ അലിയിലെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഹരീഷിന്റെ മരണവിവരം അദ്ദേഹത്തിന്റെ ഒമാനി സ്പോൺസറാണ് ഇബ്രാഹിം ഒറ്റപ്പാലത്തെ ഫോണിലൂടെ അറിയിച്ചത്. തുടർന്ന് പോക്കറ്റിൽ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിന്റെ ചിത്രം വാട്സ്ആപ്പിലൂടെ അയച്ചുനൽകുകയും, കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ഇബ്രാഹിമിനെ ചുമതലപ്പെടുത്തുകയുമായിരുന്നു.