Thanks for watching! Content unlocked for this session.

മോഡലിംഗ് കെണി: ദുബായ് മനുഷ്യക്കടത്ത് സംഘത്തിന്റെ ചാറ്റുകൾ പുറത്ത്

കേരളത്തിൽ നിന്നും യുവതികളെ മോഡലിംഗ് വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തിയ സംഭവത്തിൽ നിർണായകമായ ചാറ്റുകൾ പുറത്തുവന്നു. പ്രതികൾ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവച്ച് വിലപേശുന്നതിന്റെ തെളിവുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

കേസിലെ ഒന്നാം പ്രതിയായ സിന്ധു (സിന്ധു സ്റ്റോറീസ്) എന്ന 56 വയസ്സുകാരിയെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊച്ചിയിൽ എത്തിച്ചു. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് റിപ്പോർട്ടിൽ ഈ സംഘത്തിന്റെ ക്രൂരമായ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

മകളുടെ പേരിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സിന്ധു യുവതികളെ ദുബായിലേക്ക് കടത്തിയത്. ഇതിനായി ഓരോരുത്തരിൽ നിന്നും 4.70 ലക്ഷം രൂപ വീതം ഈടാക്കി. ദുബായിൽ എത്തിച്ച യുവതികളെ ബുർ ദുബായിലെ റോളർ സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്റിൽ തടങ്കില്പാർപ്പിച്ച ശേഷം കോളയിൽ വെളുത്ത പൊടി കലർത്തി നൽകി മയക്കുകയായിരുന്നു.

ബോധരഹിതരായ യുവതികളെ പുരുഷന്മാർക്ക് ലൈംഗികമായി ഉപയോഗിക്കാനായി വിൽപന നടത്തി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തി ഇവരുടെ ബന്ധുക്കൾക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തുകയും ചെയ്തു.

പുറത്തുവന്ന ചാറ്റുകളിൽ സിന്ധു ഇടപാടുകാരുമായി പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവച്ച് വിലപേശുന്നതായി കാണാം. രണ്ട് പെൺകുട്ടികളുടെ വിലയെ കുറിച്ച് ചോദിച്ച ഇടപാടുകാരനോട് ഒരാൾക്ക് 6000 രൂപയും മറ്റേയാൾക്ക് 3000 രൂപയും എന്നാണ് സിന്ധു മറുപടി നൽകിയത്.

മൂന്നും നാലും പ്രതികളായ മഞ്ചിമയും അലീനാ എബ്രഹാമും നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ദുബായിലുള്ള രണ്ടും അഞ്ചും പ്രതികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നാലാം പ്രതിയായ അലീനയുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഔറംഗസേബിന് സിന്ധു പണം കൈമാറിയതായും അന്വേഷണത്തിൽ തെളിഞ്ഞു.

മറ്റൊരു യുവതി കൂടി ഈ സംഘത്തിന്റെ ചതിയിൽപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ട്. രണ്ടാം പ്രതി ഇവരെ ചൂരൽ കൊണ്ട് അടിച്ചു പീഡിപ്പിച്ചതായും അഞ്ചാം പ്രതി മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.