കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പുരുഷന്മാർക്ക് സൗജന്യ യാത്രയൊരുക്കി ഒരു സ്വകാര്യ ബസ് ഉടമ രംഗത്ത്. ആലുവ - മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ എന്ന സ്വകാര്യ ബസാണ് ജൂൺ 15 തിങ്കളാഴ്ച പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുന്നത്. സ്വകാര്യ ബസ് വ്യവസായത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് ഈ സമരമാർഗമെന്ന് ബസ് ഉടമ ഡേവിസ് വ്യക്തമാക്കുന്നു.
തന്റെ സർവീസിന്റെ 70 ശതമാനത്തോളം ഭാഗവും കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടാണെന്ന് ഡേവിസ് പറയുന്നു. തിങ്കളാഴ്ച മുതൽ സർക്കാർ പദ്ധതി നടപ്പിലാക്കുമ്പോൾ ബസിലെ പ്രധാന യാത്രക്കാരായ സ്ത്രീകൾ കെഎസ്ആർടിസിയിലേക്ക് മാറുമെന്നും ഇത് സ്വകാര്യ ബസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ദിവസേനയുള്ള ഡീസൽ ചെലവും ജീവനക്കാരുടെ ശമ്പളവും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
ഈ പ്രതിഷേധത്തിനൊപ്പം മറ്റൊരു വേറിട്ട തീരുമാനവും ബസ് ഉടമ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ലഭ്യമായിട്ടും അത് സ്വീകരിക്കാതെ സ്വകാര്യ ബസ് മേഖലയെ പിന്തുണയ്ക്കാൻ ലിറ്റിൽ ഫ്ലവർ ബസിൽ കയറുന്ന വനിതാ യാത്രക്കാരെ മധുരം നൽകി സ്വീകരിക്കുമെന്നും ഡേവിസ് അറിയിച്ചു. കേരളത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടാൻ പതിനായിരത്തോളം വരുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസിയും ഒരുമിച്ച് പോകേണ്ടതുണ്ടെന്നും ഈ വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.