കേരളത്തിൽ വാഹനങ്ങളിൽ വരുത്താവുന്ന ചെറിയ മാറ്റങ്ങൾക്ക് (മോഡിഫിക്കേഷൻ) ഇളവുകൾ നൽകിക്കൊണ്ടുള്ള ട്രാൻസ്പോർട്ട് കമ്മീഷന്റെ ശുപാർശകൾ പുറത്തുവന്നു. വാഹനങ്ങളിലെ ഓൾട്ടറേഷൻ അനുവദിക്കുമോ എന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുൻപ് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് കമ്മീഷൻ ഈ നിർദ്ദേശങ്ങൾ സമർപ്പിച്ചത്. സംസ്ഥാന സർക്കാർ ഇതിൽ ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ശുപാർശകളിലെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്.
സീറ്റ് കവർ, സ്റ്റിയറിംഗ് കവർ, ഫ്ലോർ മാറ്റ്, ഡോർ വൈസർ, മഡ് ഫ്ലാപ്പ്, ബോഡി സ്റ്റിക്കർ, ടയർ പ്രഷർ മോണിറ്റർ, 50 ശതമാനം സുദാര്യമായ സൺ ഫിലിം എന്നിവയ്ക്കാണ് പുതിയ ശുപാർശയിൽ ഇളവുകൾ നിർദ്ദേശിച്ചിട്ടുള്ളത്. നിലവിൽ ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന ഇത്തരം കാര്യങ്ങൾ ഇളവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ട്രോളുകൾക്ക് കാരണമായത്. എന്നാൽ, നിയമപരമായി നിർമ്മാതാക്കൾ നൽകുന്ന ബിൽറ്റ്-ഇൻ സൗകര്യങ്ങൾ അല്ലാത്ത ഏത് കൂട്ടിച്ചേർക്കലുകളും നിലവിൽ നിയമലംഘനമായി കണക്കാക്കാമെന്നും, ഇത് ഇൻഷുറൻസ് ക്ലെയിമുകളെപ്പോലും ബാധിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിൽ എആർഎഐ (ARAI) പോലെയുള്ള കേന്ദ്ര ഏജൻസികളുടെ കർശന പരിശോധനകൾക്ക് ശേഷമാണ് വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതി നേടുന്നത്. റോഡ് സുരക്ഷ മുൻനിർത്തി ക്യാമറകൾ, ജിപിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കുന്നതിനെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, അപകടങ്ങൾ ഒഴിവാക്കാൻ മറ്റ് പ്രധാന രൂപമാറ്റങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.