രണ്ടാം ലോകമഹായുദ്ധ കാലത്തെയും സ്വാതന്ത്ര്യാനന്തര കാലത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളെച്ചൊല്ലി കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ശക്തമായ വാദപ്രതിവാദം നടന്നു. 1939-ലെ സ്റ്റാലിൻ-ഹിറ്റ്‌ലർ കരാറും 1948-ലെ കൽക്കട്ട തീസിസും ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ നിലപാടുകളെ രൂക്ഷമായി വിമർശിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ തീരുമാനങ്ങളെ പ്രതിരോധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സ്റ്റാലിനും ഹിറ്റ്‌ലറും തമ്മിലുണ്ടാക്കിയ താൽക്കാലിക സന്ധി ഒരു അടവുനയമായിരുന്നു എന്ന് വ്യക്തമാക്കി. സോവിയറ്റ് യൂണിയന് നേരെയുള്ള ആക്രമണം തടയാനും രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഈ കരാർ സഹായിച്ചുവെന്നും, ഇതിന്റെ കരുത്തിലാണ് പിൽക്കാലത്ത് മോസ്കോയുടെ പടിവാതിൽക്കൽ വെച്ച് ജർമ്മൻ സേനയെ ചെമ്പടയ്ക്ക് തോൽപ്പിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, സ്റ്റാലിനും ഹിറ്റ്‌ലറും ഒരേപോലെ ക്രൂരതകൾ പ്രവർത്തിച്ചവരാണെന്നും സ്വന്തം മന്ത്രിമാരെയും പാർട്ടി നേതാക്കളെയും കൊന്നൊടുക്കിയ ചരിത്രമാണ് സ്റ്റാലിന്റേതെന്നും സതീശൻ തിരിച്ചടിച്ചു. മോസ്കോയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിക്കുന്ന നയമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ സ്വീകരിച്ചതെന്നും, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യം കടുത്ത ദാരിദ്ര്യം നേരിട്ട ഘട്ടത്തിൽ കൽക്കട്ട തീസിസിന്റെ ഭാഗമായി സായുധ വിപ്ലവം നടത്തി ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.