തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വസ്ത്രങ്ങൾ പൂർണ്ണമായും കീറിപ്പോയ യുവതിക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകി മാതൃകയായിരിക്കുകയാണ് ഒരു സാധാരണ ചായവിൽപ്പനക്കാരൻ. തൃപ്പൂണിത്തുറ കിഴക്കേകോട്ട മരട്ടിപറമ്പിൽ എം.ആർ. ഷാജിയാണ് മാനവികതയുടെ ഉദാത്തമായ മാതൃക കാണിച്ച് സമൂഹത്തിന്റെ കൈയടി നേടുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ സ്റ്റാച്യു ജംഗ്ഷനിലൂടെ കടന്നുപോയ സ്വകാര്യ ബസിന്റെ മുൻചക്രത്തിനടിയിലേക്ക് വീണ യുവതിയെ മീറ്ററുകളോളമാണ് റോഡിലൂടെ വലിച്ചിഴച്ചത്.
ബസ് റിവേഴ്സ് എടുത്ത് നാട്ടുകാർ ചേർന്ന് യുവതിയെ രക്ഷപെടുത്തിയപ്പോഴാണ് റോഡിൽ ഉരഞ്ഞ് അവരുടെ വസ്ത്രങ്ങൾ പൂർണ്ണമായും കീറിപ്പോയ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം പ്രദേശത്തെ കടകളിൽ ചായ വിതരണം നടത്തുകയായിരുന്ന ഷാജി ബഹളം കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോൾ അവരുടെ വസ്ത്രമില്ലാത്ത അവസ്ഥ കണ്ട ഷാജി, സ്വന്തം നാണക്കേട് പോലും ചിന്തിക്കാതെ പെട്ടെന്ന് തന്നെ തന്റെ ഉടുമുണ്ട് അഴിച്ച് യുവതിയെ ഉടുപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു.
ഷാജി മുണ്ട് അഴിച്ചു നൽകിയതോടെ സമീപത്തെ മഹാരാഷ്ട്ര സൂപ്പർ ബസാറിലെ ഒരു ജീവനക്കാരൻ പുതിയൊരു മുണ്ട് കൊണ്ടുവന്ന് നൽകിയാണ് അദ്ദേഹത്തെ സഹായിച്ചത്. അപകടത്തിൽ ഇടുപ്പെല്ലിന് പരിക്കേറ്റ യുവതി നിലവിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലാണ്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ അവർ രക്ഷപെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഷാജിയുടെ ഈ കാരുണ്യപ്രവർത്തി പുറംലോകം അറിഞ്ഞതും അദ്ദേഹത്തെ തേടി നിരവധി അഭിനന്ദന പ്രവാഹങ്ങൾ എത്തിയതും.