Thanks for watching! Content unlocked for this session.
-->

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വൃദ്ധരെ പീഡിപ്പിച്ച കേസ്: നടത്തിപ്പുകാരൻ അറസ്റ്റിൽ

കൊല്ലം ജില്ലയിലെ തെന്മല ഗ്രാമപഞ്ചായത്തിന് സമീപം പ്രവർത്തിക്കുന്ന ‘പുനർജനി’ എന്ന വൃദ്ധസദനത്തിലെ അന്തേവാസികളായ വയോധികരെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. എഴുപതിലധികം വയസ്സുള്ള വയോധികരെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച വിവരങ്ങൾ പുറത്തുവന്നത്, ഇവിടെ നിന്നും രക്ഷപ്പെട്ടോടിയ രണ്ട് വൃദ്ധകളെ സമീപവാസിയായ സ്ത്രീ രക്ഷപെടുത്തിയതോടെയാണ്.

തങ്ങളെ ഉപദ്രവിക്കരുതെന്ന് കൈകൂപ്പി കരഞ്ഞുകൊണ്ട് റോഡിലൂടെ നടന്നുപോയ വയോധികരെ സമീപവാസിയായ വീട്ടമ്മയും മകളും ചേർന്നാണ് തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞത്. തങ്ങളെ നഗ്നരാക്കി പീഡിപ്പിക്കാറുണ്ടെന്നും, വായിൽ മദ്യം ഒഴിച്ചു തരാറുണ്ടെന്നും, ക്യാമറകൾ കാണിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്നും കരഞ്ഞുകൊണ്ട് അവർ വെളിപ്പെടുത്തി. നടത്തിപ്പുകാരൻ പുനലൂരിലേക്ക് പോയ സമയത്ത് ഭക്ഷണം പാകം ചെയ്യാൻ വന്ന പെൺകുട്ടി മറ്റൊരു കിടപ്പുരോഗിയെ കുളിപ്പിക്കാൻ കയറിയപ്പോഴാണ് ഇവർ അവിടെനിന്നും ഓടി രക്ഷപെട്ടത്.

ഭയന്നോടിയ വയോധികരെ വീട്ടമ്മ സ്വന്തം വീട്ടിലിരുത്തി വെള്ളവും ചായയും നൽകി ആശ്വസിപ്പിക്കുകയും വാർഡ് മെമ്പറെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് തെന്മല പോലീസ് സ്ഥലത്തെത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. നിലവിൽ ഈ അഭയകേന്ദ്രത്തിലുണ്ടായിരുന്ന വയോധികരെ മുഴുവൻ സുരക്ഷിതമായി ഗാന്ധിഭവൻ ഏറ്റെടുത്ത് കൊണ്ടുപോയിട്ടുണ്ട്.