തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് വസ്ത്രങ്ങൾ കീറിപ്പോയ യുവതിക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകി മാതൃകയായിരിക്കുകയാണ് ചായവിൽപ്പനക്കാരനായ എം.ആർ. ഷാജി. അപകടം കണ്ട് ആളുകൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ കിഴക്കേകോട്ട സ്വദേശിയായ ഷാജി ഒട്ടും മടിക്കാതെ തന്റെ ഉടുമുണ്ട് അഴിച്ച് നൽകി സ്ത്രീത്വത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. പതിവുപോലെ സൈക്കിളിൽ ചായ വിതരണം ചെയ്യാനായി എത്തിയതായിരുന്നു ഷാജി. ഈ സമയം സ്റ്റാച്യു ജംഗ്ഷനിൽ വെച്ച് ഒരു സ്വകാര്യ ബസ് സ്ത്രീയെ തട്ടിയ ശേഷം റോഡിലൂടെ മീറ്ററുകളോളം മുന്നോട്ട് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ബസിന്റെ അടിയിലേക്ക് വീണ സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെങ്കിലും, റോഡിലെ കല്ലുകളിലും ടാറിലും ഉരഞ്ഞ് അവരുടെ വസ്ത്രങ്ങൾ പൂർണ്ണമായും കീറിപ്പറിഞ്ഞ് ശരീരം അനാവൃതമാകുന്ന അവസ്ഥയിലായിരുന്നു.
കടുത്ത വേദനയിലും മാനസിക വിഷമത്തിലും റോഡിൽ കിടന്ന സ്ത്രീയുടെ ദയനീയാവസ്ഥ കണ്ടാണ് ഷാജി സഹായത്തിനെത്തിയത്. അവർക്ക് തന്റെ മുണ്ട് നൽകിയ ശേഷം സമീപത്തെ കടയിൽ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങി ഉടുത്തത്. തുടർന്ന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ കണ്ടാൽ മൊബൈലിൽ പകർത്താൻ മാത്രം ശ്രമിക്കുന്ന ആധുനിക സമൂഹത്തിന് വലിയൊരു നന്മയുടെ സന്ദേശമാണ് ഷാജി നൽകിയിരിക്കുന്നത്.