Thanks for watching! Content unlocked for this session.

ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കിയ ശേഷമേ ഞാൻ ശമ്പളം വാങ്ങൂ: മന്ത്രി സി പി ജോൺ

കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയതിന് ശേഷം മാത്രമേ താൻ ശമ്പളം കൈപ്പറ്റുകയുള്ളൂ എന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഈ പ്രഖ്യാപനം നടത്തിയത്.

ചടങ്ങിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയെക്കുറിച്ചും മന്ത്രി സംസാരിച്ചു. സ്ത്രീപക്ഷത്തുനിന്നുള്ള ചരിത്രപരമായ ഇടപെടലാണ് പ്രിയദർശിനി സ്ത്രീസ്വാതന്ത്ര്യ യാത്രാ പദ്ധതിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പദ്ധതിക്കാവശ്യമായ അധികതുക സർക്കാർ കൃത്യമായി കെഎസ്ആർടിസിക്ക് നൽകുമെന്നും, ഓപ്പറേറ്റിങ് വിഭാഗത്തിലെ വനിതാ ജീവനക്കാർക്ക് ആർത്തവാവധി അനുവദിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന പ്രിയദർശിനി പദ്ധതിയിലൂടെ സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിക്കുന്നത്. ഉദ്ഘാടന ദിവസം പെരുമ്പാവൂർ ഡിപ്പോയിലെ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീലയായിരിക്കും ബസ് ഓടിക്കുന്നത്. ഓർഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് ഈ സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക എന്നതിനാൽ വിദ്യാർത്ഥിനികൾക്ക് ഇനി ഓർഡിനറി ബസുകളിൽ കൺസെഷൻ ടിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല.