Thanks for watching! Content unlocked for this session.

കാസർഗോഡ് കടലിൽ വീണ് രണ്ട് യുവാക്കളെ കാണാതായി; സമീപത്തുനിന്ന് എംഡിഎംഎ കണ്ടെടുത്തതായി സൂചന

കാസർഗോഡ് പള്ളിക്കര കല്ലിങ്കാൽ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കളെ കടലിൽ കാണാതായി. കോട്ടയം സ്വദേശികളായ അപ്പു ആന്റണി, അങ്കിത് അപ്പൂട്ടി എബ്രഹാം എന്നിവരെയാണ് കാണാതായത്. ഇവർക്കായി കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ കടലിൽ ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടവിവരമറിഞ്ഞ് ബേക്കൽ പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

കോട്ടയത്തുനിന്നെത്തിയ നാലംഗ സംഘത്തിലെ 20 വയസ്സുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ രണ്ടുപേർ കോട്ടയത്തെ അറ്റ്ലാന്റ ബാറിലെ ജീവനക്കാരും മറ്റു രണ്ടുപേർ ഇവരുടെ സുഹൃത്തുക്കളുമാണ്. മുൻപ് ഈ പ്രദേശത്ത് ജോലി ചെയ്തിരുന്ന ഒരാളുടെ നിർദ്ദേശപ്രകാരമാണ് സംഘം ഇവിടെയെത്തിയത്. ബീച്ചിലെത്തിയ ശേഷം ഒരാൾ തീരത്ത് ഉറങ്ങാൻ കിടക്കുകയും, ബാക്കി മൂന്നുപേർ പാട്ടുപാടി നൃത്തം ചെയ്ത ശേഷം കടലിലിറങ്ങുകയുമായിരുന്നു. ഇതിൽ രണ്ടുപേരെ ശക്തമായ തിരമാല വന്ന് കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസിന് മൊഴി നൽകി.

അതേസമയം, അപകടം നടന്ന തീരത്തിന് സമീപത്തുനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ അടങ്ങിയ ഒരു പാക്കറ്റ് കണ്ടെടുത്തതായി സൂചനയുണ്ട്. എന്നാൽ ഇത് കാണാതായ യുവാക്കളുടെ പക്കൽ നിന്നാണോ കണ്ടെത്തിയത് എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. ഒഴുക്കിൽപ്പെട്ടവർ കാഞ്ഞങ്ങാട്, നീലേശ്വരം, തായ്ക്കടപ്പുറം ഭാഗങ്ങളിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.