Thanks for watching! Content unlocked for this session.

ലോക്സഭാ മണ്ഡലങ്ങൾ വിഭജിക്കാൻ സാമ്പത്തിക ഉപദേശക സമിതി ശുപാർശ; കേരളത്തിലെ സീറ്റുകൾ 30 ആയി ഉയർന്നേക്കും

രാജ്യത്തെ വലിയ 170 ലോക്സഭാ മണ്ഡലങ്ങൾ വിഭജിക്കാൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ സുപ്രധാന ശുപാർശ സമർപ്പിച്ചു. ഇതനുസരിച്ച് 59 മണ്ഡലങ്ങൾ രണ്ടായും 111 മണ്ഡലങ്ങൾ മൂന്നായും വിഭജിക്കാനാണ് നിർദ്ദേശം. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ല് പാസാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ പുതിയ രൂപത്തിൽ ബില്ല് അവതരിപ്പിക്കാൻ സർക്കാർ ചർച്ചകൾ നടത്തുന്നതിനിടയിലാണ് ഈ നിർണായക ശുപാർശ പുറത്തുവന്നിരിക്കുന്നത്.

ഈ ശുപാർശ നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും 22 മണ്ഡലങ്ങൾ രണ്ടായി വിഭജിക്കപ്പെടും. ഇതോടെ കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം നിലവിലെ 20-ൽ നിന്ന് 30 ആയി ഉയരും. തമിഴ്നാട്ടിലെ മണ്ഡലങ്ങളുടെ എണ്ണം 59 ആയി വർദ്ധിക്കും. കൂടാതെ കർണാടകത്തിൽ 42 സീറ്റുകളും, തെലങ്കാനയിൽ 26 സീറ്റുകളും, ആന്ധ്രാപ്രദേശിൽ സീറ്റുകളുടെ എണ്ണം 25-ൽ നിന്ന് 38 ആയും ഉയരുമെന്ന് ശുപാർശയിൽ വ്യക്തമാക്കുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ തോതിലുള്ള സീറ്റ് വർദ്ധനവാണ് ശുപാർശ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ സീറ്റുകൾ 48-ൽ നിന്ന് 72 ആയും, ഉത്തർപ്രദേശിലെ സീറ്റുകൾ 80-ൽ നിന്ന് 120 ആയും ഉയർത്താൻ സാമ്പത്തിക ഉപദേശക സമിതി നിർദ്ദേശിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന പുതിയ ബില്ലിൽ ഈ ശുപാർശയുടെ ചില ഭാഗങ്ങളെങ്കിലും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.