ലോകമെമ്പാടും ജനനനിരക്ക് ക്രമാതീതമായി കുറയുന്നതിന് പിന്നിൽ സ്മാർട്ഫോണുകളുടെയും പ്രത്യേകിച്ച് ഐഫോണിന്റെയും കടന്നുവരവാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. സാമ്പത്തിക ഭദ്രതയും ജീവിതനിലവാരവും ഉയരുമ്പോൾ ജനനനിരക്ക് കുറയുന്നത് സ്വാഭാവികമാണെങ്കിലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വിചിത്ര പ്രതിഭാസത്തിന് പിന്നിൽ സ്മാർട്ഫോണുകളുടെ സ്വാധീനമുണ്ടെന്നാണ് നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കണ്ടെത്തൽ.
അമേരിക്കയിലെ മിഡിൽബറി കോളജിലെ സാമ്പത്തിക ശാസ്ത്രജ്ഞയായ കെയ്റ്റ്ലിൻ മയേഴ്സും എസെക്കിയൽ ഹൂപ്പറും നടത്തിയ പഠനത്തിൽ, 2007-ൽ ഐഫോൺ വിപണിയിലെത്തിയതിന് ശേഷം യുഎസിലെ ജനനനിരക്കിൽ കടുത്ത ഇടിവുണ്ടായതായി കണ്ടെത്തി. 2007 മുതൽ 2011 വരെ ഐഫോണുകൾക്ക് മാത്രമായി ലഭ്യമായിരുന്ന എടി ആൻഡ് ടി നെറ്റ്വർക്ക് കവറേജ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ, നെറ്റ്വർക്ക് ശക്തമായിരുന്ന പ്രദേശങ്ങളിൽ ജനനനിരക്ക് വളരെ വേഗത്തിൽ കുറഞ്ഞു. 2007-2011 കാലയളവിൽ 15 മുതൽ 44 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രസവനിരക്കിലുണ്ടായ ആകെ കുറവിന്റെ 33 മുതൽ 52 ശതമാനം വരെ കാരണമായത് ഐഫോണിന്റെ കടന്നുവരവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സ്മാർട്ഫോണുകളുടെ ഉപയോഗം വർധിച്ചതോടെ ആളുകൾ നേരിട്ട് സമയം ചെലവഴിക്കുന്നത് കുറയുകയും സ്ക്രീൻ ടൈം വർധിക്കുകയും ചെയ്തു. സിൻസിനാറ്റി സർവകലാശാലയിലെ ഗവേഷകർ ലോകബാങ്ക് ഡേറ്റ ഉപയോഗിച്ച് 128 രാജ്യങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ, വ്യത്യസ്ത സംസ്കാരവും നിയമങ്ങളുമുള്ള രാജ്യങ്ങളിലെല്ലാം സമാനമായ രീതിയിൽ ജനനനിരക്ക് കുറയുന്നതായി കണ്ടെത്തി. കാനഡ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ഫെർട്ടിലിറ്റി നിരക്ക് അതിവേഗം കുറയുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.