യെമൻ ‘സ്പൈഡർമാൻ’ എന്നറിയപ്പെടുന്ന അൽ-ഖാഖാ ബിൻ അന്തർ അഗ്നിപർവ്വത ഗർത്തത്തിൽ വീണു മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി സോഷ്യൽ മീഡിയ രംഗത്ത്. വെറുമൊരു കാൽ വഴുതലല്ല, മറിച്ച് മലകയറ്റത്തിനിടെ പാറയിടുക്കിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വീഡിയോ വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. പ്രമുഖ അറബ് മാധ്യമമായ ‘അൽ-മർസദ്’ ഉൾപ്പെടെയുള്ളവർ ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അപകടത്തിന്റെ ദൃശ്യങ്ങൾ സൂം ചെയ്ത് പരിശോധിച്ചവർ അൽ-ഖാഖാ താഴേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ വലതുകൈയ്ക്ക് സമീപം അസ്വാഭാവികമായ ഒരു ചലനം കണ്ടെത്തിയിട്ടുണ്ട്. പാറയിടുക്കിൽ നിന്ന് ഒരു കറുത്ത രൂപം അദ്ദേഹത്തിന്റെ കൈയ്ക്ക് നേരെ ആഞ്ഞടിക്കുന്നതും, വേദനയോ ഞെട്ടലോ കൊണ്ട് അദ്ദേഹം പെട്ടെന്ന് കൈ പിൻവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേത്തുടർന്ന് ശരീരത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടാണ് അദ്ദേഹം ആഴങ്ങളിലേക്ക് പതിച്ചത്. അതീവ സമർത്ഥനായ ഒരു മലകയറ്റക്കാരന് പെട്ടെന്ന് കാൽ വഴുതാൻ സാധ്യതയില്ലെന്നാണ് ആരാധകർ വാദിക്കുന്നത്.
അതേസമയം, ഈ വാദങ്ങളിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അപകടം നടന്ന ഹരദത് ഡംത് അഗ്നിപർവ്വത ഗർത്തത്തിന്റെ അടിത്തട്ടിലെ കടുത്ത ചൂടും സൾഫർ ജലാശയങ്ങളും വിഷവാതകങ്ങളും കാരണം രണ്ട് ദിവസമെടുത്താണ് സിവിൽ ഡിഫൻസ് മൃതദേഹം പുറത്തെടുത്തത്. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന് പാമ്പ് കടിയേറ്റിരുന്നോ എന്ന കാര്യത്തിൽ മെഡിക്കൽ സംഘത്തിന്റെയോ സിവിൽ ഡിഫൻസിന്റെയോ ഭാഗത്തുനിന്നും ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവരുന്നതുവരെ ഈ ദുരൂഹത തുടരും.