Thanks for watching! Content unlocked for this session.

ബീഹാറിൽ പരീക്ഷയ്ക്ക് പോകാൻ ട്രെയിൻ സൗകര്യമില്ലാതെ വിദ്യാർഥികളുടെ പ്രതിഷേധം; കല്ലേറും സംഘർഷവും

ബീഹാറിലെ പട്ലിപുത്ര റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധം കല്ലേറിലും സംഘർഷത്തിലും കലാശിച്ചു. പരീക്ഷയ്ക്ക് പോകാൻ ആവശ്യത്തിന് ട്രെയിൻ സൗകര്യമില്ലെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ തടഞ്ഞും കല്ലെറിഞ്ഞും ഉദ്യോഗാർത്ഥികൾ രംഗത്തിറങ്ങിയതോടെ ട്രെയിൻ സർവീസുകൾ തടസ്സപ്പെടുകയും പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തു.

നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകളിൽ ഒത്തുകൂടി മുദ്രാവാക്യം വിളിക്കുകയും ട്രെയിൻ പാളത്തിലേക്കിറങ്ങി പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തത്. പ്രതിഷേധം ശക്തമായതോടെ പരീക്ഷയ്ക്കായി പ്രത്യേകം ഒരുക്കിയിരുന്ന ട്രെയിൻ ഉദ്യോഗാർത്ഥികൾ അടിച്ചുതകർത്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറിലും സംഘർഷത്തിലും പട്ന ഐജി ജിതേന്ദ്ര റാണ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഏകദേശം 250 ഓളം ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇവരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായില്ല. ഉദ്യോഗാർത്ഥികൾക്കായി പ്രത്യേക ട്രെയിൻ സർവീസ് ആവശ്യപ്പെട്ടിരുന്നതായി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ പ്രതിഷേധക്കാർക്കിടയിൽ ചില സാമൂഹികവിരുദ്ധർ കടന്നുകൂടിയതാണ് അക്രമത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കല്ലേറ് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഐജി ജിതേന്ദ്ര റാണ അറിയിച്ചു.