Thanks for watching! Content unlocked for this session.

പശ്ചിമബംഗാളിൽ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

പശ്ചിമബംഗാളിലെ സൗത്ത് 24 പർഗനാസിൽ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കള്ളനാണെന്ന് സംശയിച്ചാണ് നാട്ടുകാർ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഭാഷ അറിയാത്തതിനാൽ നാട്ടുകാരോട് കാര്യങ്ങൾ വിശദീകരിക്കാൻ കഴിയാതിരുന്നതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാക്കാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് കൊല്ലപ്പെട്ട യുവാവ് കേരളത്തിൽ ജോലി ചെയ്തിരുന്ന തന്റെ സുഹൃത്തുക്കൾക്കൊപ്പം കുൽത്താലിയിൽ എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇയാൾ തനിച്ച് സംഗീജഹാൻ ഗ്രാമത്തിലെ ഒരു മാർക്കറ്റിലേക്ക് പോയതായിരുന്നു. പ്രദേശത്തെ റോഡുകൾ പരിചയമില്ലാത്തതിനാൽ ഇയാൾക്ക് വഴിതെറ്റി. അപരിചിതനായ ഒരാൾ നടക്കുന്നത് കണ്ട് നാട്ടുകാർക്ക് സംശയം തോന്നുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇയാൾ കള്ളനാണെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്നും ചിലർ പ്രചരിപ്പിച്ചതോടെ തർക്കം രൂക്ഷമാകുകയും നാട്ടുകാർ ഇയാളെ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനത്തിന് ഇരയായ യുവാവിനെ കുൽത്താലി പോലീസ് എത്തി ഉടൻ തന്നെ ജയനഗർ കുൽത്താലി ഗ്രാമീണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് ഗർഭിണിയായ സ്ത്രീയെ ഉപദ്രവിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്ന് ചില ഗ്രാമവാസികൾ ആരോപിക്കുന്നുണ്ടെങ്കിലും, സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.