Thanks for watching! Content unlocked for this session.

ട്രോളിങ് നിരോധനത്തിന് മുന്നോടിയായി കേരളത്തിൽ മീൻ വില കുതിച്ചുയരുന്നു

ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് കേരളത്തിൽ മീൻ വില കുതിച്ചുയരുന്നു. മത്തി, അയല തുടങ്ങിയ ജനപ്രിയ മത്സ്യങ്ങൾക്കെല്ലാം വിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 200 രൂപയുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ വില 380 രൂപയായി ഉയർന്നു.

നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് വലിയ മത്തി കേരള തീരത്ത് വീണ്ടും ലഭ്യമായിത്തുടങ്ങിയത്. എങ്കിലും വിലക്കയറ്റം സാധാരണക്കാർക്ക് തിരിച്ചടിയാവുകയാണ്. അയലയ്ക്കും കിലോയ്ക്ക് 380 രൂപ വരെയാണ് നിലവിലെ വില. വലുപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകാമെങ്കിലും മറ്റ് ഇനം മത്സ്യങ്ങൾക്കും കിലോയ്ക്ക് 40 മുതൽ 50 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.

ഇന്ധനവില വർദ്ധനവും കടലിൽ മത്സ്യക്ഷാമം നേരിടുന്നതും മത്സ്യത്തൊഴിലാളികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വൻ തുക കടം വാങ്ങി വള്ളമിറക്കുന്ന തൊഴിലാളികൾക്ക് പലപ്പോഴും തുച്ഛമായ തുക മാത്രമാണ് തിരികെ ലഭിക്കുന്നത്. കടൽമാക്രി, ഡോൾഫിൻ എന്നിവയുടെ ശല്യം കാരണം വലകൾ കീറുന്നതും കാലാവസ്ഥാ വ്യതിയാനവും പ്രതികൂല മുന്നറിയിപ്പുകൾ കാരണം കടലിൽ പോകാൻ കഴിയാത്തതും ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നു.