സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി പ്രഖ്യാപിച്ച ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ ജൂൺ 15 തിങ്കളാഴ്ച മുതൽ പ്രാപല്യത്തിൽ വരും. വരുമാനമോ പ്രായമോ പരിഗണിക്കാതെയും യാതൊരുവിധ മുൻകൂർ രജിസ്ട്രേഷനുകളും ഇല്ലാതെയും സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ജൂൺ 15ന് രാവിലെ 8:30ന് തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ആദ്യ സർവീസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും.
കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ വിഭാഗത്തിൽപ്പെടുന്ന ഏഴ് പ്രധാന സർവീസുകളിലാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്, ഗ്രാമവണ്ടി എന്നിവയാണ് ഈ ഏഴ് വിഭാഗങ്ങൾ. എന്നാൽ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ സൂപ്പർ ക്ലാസ് സർവീസുകളിലും ഉത്സവകാല സ്പെഷ്യൽ സർവീസുകളിലും ഈ ആനുകൂല്യം ലഭിക്കില്ല. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ബസുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ് (687 എണ്ണം). തൊട്ടുപിന്നിൽ കൊല്ലത്ത് 415 ബസുകളും എറണാകുളത്ത് 325 ബസുകളുമുണ്ട്.
പദ്ധതി വഴി കെഎസ്ആർടിസിക്ക് പ്രതിമാസം ഏകദേശം 70 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാൽ ഈ സാമ്പത്തിക ബാധ്യത കെഎസ്ആർടിസിയുടെ ചുമലിൽ കെട്ടിവെക്കാതെ സർക്കാർ ഗ്യാരന്റിയായി പണം നേരിട്ട് നൽകും. എത്രപേർ സൗജന്യ യാത്ര ചെയ്തുവെന്ന് കൃത്യമായി കണക്കാക്കാനും യാത്രാ ചിലവുകൾ തിട്ടപ്പെടുത്താനുമായി സ്ത്രീകൾക്ക് തുക ഈടാക്കാതെ കണ്ടക്ടർമാർ ‘സീറോ ടിക്കറ്റ്’ വിതരണം ചെയ്യും. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് മിച്ചം പിടിക്കാൻ കഴിയുന്ന തുക വിപണിയിലേക്ക് തന്നെ തിരിച്ചെത്തുമെന്നും അത് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന് വലിയ നേട്ടമാകുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. സ്വകാര്യ ബസ് മേഖലയെ തകർക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും ചർച്ചകളിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.