തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ട ഡ്രൈവർ യദുവിന് പുതിയ നിയമനം. നിയമസഭയിൽ താൽക്കാലിക ഡ്രൈവറായാണ് യദുവിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കുടുംബം പുലർത്താൻ ഉബർ ഓടിച്ചും ഡെലിവറി ജോലികൾ ചെയ്തും കഷ്ടപ്പെട്ടിരുന്ന യദുവിന് ഈ പുതിയ ജോലി വലിയൊരു ആശ്വാസമായിരിക്കുകയാണ്.
തിരുവനന്തപുരം പാളയത്ത് വെച്ച് മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു യദുവും ആര്യ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ തർക്കമുണ്ടായത്. ഇതിനെ തുടർന്ന് യദുവിനെതിരെ കേസെടുക്കുകയും കെഎസ്ആർടിസിയിലെ ജോലി നഷ്ടപ്പെടുകയുമായിരുന്നു. തുടർന്ന് തന്റെ മകന്റെ പഠനച്ചെലവുകൾക്കും കുടുംബത്തിന്റെ നിത്യനിദാന ചെലവുകൾക്കുമായി യദുവിന് ഉബർ ടാക്സി ഓടിക്കേണ്ടി വന്നു. മുൻ മേയർ കൗൺസിലറായ വാർഡുകളിലൂടെ ഉൾപ്പെടെ ഉബർ ഓടിക്കുന്ന യദുവിന്റെ അവസ്ഥ വലിയ രീതിയിൽ വാർത്തയായിരുന്നു.
തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യദു നേരത്തെ ഗതാഗത മന്ത്രിക്കും സർക്കാരിനും കത്ത് നൽകിയിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പൂന്തുറ ഡിപ്പോയിലേക്ക് യദുവിന് ജോലിക്ക് വിളി വരികയും ഡ്രൈവിംഗ് ടെസ്റ്റ് പാസാകുകയും ചെയ്തിരുന്നു. ഇതിന്റെ പേപ്പർ വർക്കുകൾ നടന്നു വരുന്നതിനിടയിലാണ് ഇപ്പോൾ നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി യദുവിന് നിയമനം ലഭിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ ജോലി തനിക്ക് വലിയ പ്രതീക്ഷയും ആശ്വാസവുമാണ് നൽകുന്നതെന്ന് യദു പ്രതികരിച്ചു.