Thanks for watching! Content unlocked for this session.

രണ്ട് പതിറ്റാണ്ടുകൊണ്ട് 54 രാജ്യങ്ങൾ സന്ദർശിച്ച് മലയാളി മാധ്യമപ്രവർത്തകൻ നൗഷാദ് അരീക്കോട്

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ യാത്രാവിശേഷങ്ങൾ പങ്കുവെച്ച് മലയാളി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നൗഷാദ് അരീക്കോട്. ഇരുപത്തിയഞ്ചോളം വർഷങ്ങൾ കൊണ്ട് ലോകത്തിലെ 54 രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം, തന്റെ യാത്രാനുഭവങ്ങളെല്ലാം പുസ്തകങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകളോ ഗൂഗിൾ മാപ്പോ ഇല്ലാതിരുന്ന കാലത്ത് യാത്ര തുടങ്ങിയ നൗഷാദ്, ഓരോ നാടിന്റെയും സംസ്കാരവും ചരിത്രവും ഭൂമിശാസ്ത്രവും നേരിട്ടറിയാനാണ് തന്റെ യാത്രകൾ ഉപയോഗപ്പെടുത്തിയത്.

നേപ്പാളിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്ര. തുടർന്ന് സന്ദർശിച്ച ചൈനയിലെ ജനങ്ങളുടെ തൊഴിലിനോടുള്ള മനോഭാവവും മുതിർന്ന പൗരന്മാർക്ക് അവിടെ ലഭിക്കുന്ന സുരക്ഷിതത്വവും അദ്ദേഹത്തെ ഏറെ ആകർഷിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ അതിർത്തി കടക്കാനുള്ള എളുപ്പപ്പത്തെക്കുറിച്ചും, എന്നാൽ ഏഷ്യൻ രാജ്യങ്ങളിലെ കർശനമായ പരിശോധനകളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം തന്റെ അനുഭവങ്ങളിൽ ഓർക്കുന്നു.

യാത്രകൾ എപ്പോഴും സുഖകരമായിരുന്നില്ലെന്നും ഹിമാലയൻ ട്രക്കിംഗിനിടെ ഉണ്ടായ ദുരന്തം തന്റെ ജീവിതത്തിലെ മറക്കാനാകാത്ത വേദനയാണെന്നും നൗഷാദ് പറയുന്നു. 2000-ൽ നടന്ന ഒരു ട്രക്കിംഗിനിടെയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് വനിതാ യാത്രികർ മരണപ്പെട്ടിരുന്നു. യാത്രകൾ വെറും അടിച്ചുപൊളിക്കാനുള്ളതല്ലെന്നും അത് അറിവിന്റെയും അനുഭവങ്ങളുടെയും വലിയൊരു നിക്ഷേപമാണെന്നും വിശ്വസിക്കുന്ന അദ്ദേഹം ജപ്പാൻ, കൊറിയ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്കുള്ള അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്.